പാലക്കാട് : ഒമ്പത് പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ ഒളിവില്‍. അപകടത്തിനുശേഷം ജോമോന്‍ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ പട്ടികയിലും ജോമോന്‍റെ പേര് ഇല്ലാതെ വന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. രക്ഷപെട്ട ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുന്നതായും കലക്ടർ മൃൺമയി ജോഷി പറഞ്ഞു.
വേളാങ്കണ്ണി ട്രിപ്പിന് ശേഷമാണ് ജോമോന്‍ വിശ്രമം ഒഴിവാക്കി ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെട്ടതെന്ന് കുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. വിശ്രമമില്ലാതെ വാഹനമോടിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്നമില്ലെന്നായിരുന്നു മറുപടിയെന്നും രക്ഷിതാക്കളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. അമിതവേഗത്തിലാണ് ഇയാൾ ബസോടിച്ചതെന്ന് വിദ്യാർഥികളും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും പറഞ്ഞിരുന്നു. ഇതിന്‍റെ തെളിവുകൾ ജിപിഎസിൽ നിന്ന് ലഭിക്കുകയും ചെയ്തു. അപകടസമയത്ത് മണിക്കൂറിൽ 97.5 കിലോമീറ്റർ വേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നത്.