പാലക്കാട് : പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാന്‍ എ.രാമസ്വാമി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാജി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്ന രാമസ്വാമിയെ കഴിഞ്ഞമാസം 20 ന് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച് സജീവമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റും പാലക്കാട് സ്ഥാനാര്‍ഥിയുമായ ഷാഫിപറമ്പില്‍, നേതൃത്വത്തിനെതിരെ വിമതസ്വരമുയര്‍ത്തിയ എ.വി.ഗോപിനാഥ്, ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ അദ്ദേഹവുമായി വിഷയം ചര്‍ച്ചചെയ്തു. പിന്നീട് എ.കെ.ആന്റണിയും ഫോണില്‍ സംസാരിച്ചു.
നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കാതിരിക്കുകയും പാര്‍ട്ടി പുനസംഘടനയില്‍ അവഗണിക്കുകയും ചെയ്തതില്‍ രാമസ്വാമി അസംതൃപ്തനായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം അര്‍ഹമായ പരിഗണന നല്‍കുമെന്ന് നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. പ്രശ്‌നങ്ങള്‍ താമസിയാതെ പരിഹരിക്കാമെന്ന് നേതൃത്വം വാക്കുനല്‍കിയെങ്കിലും അതു നടത്തിയില്ലെന്നു മാത്രമല്ല, വീണ്ടും തുടര്‍ച്ചയായി അവഗണിച്ചതായി രാമസ്വാമി ആരോപിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് രാമസ്വാമി.