കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിന്റെ മൂന്നാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ പൂർത്തിയായി. ഈ സ്‌പാനിലെ മുഴുവൻ ഗർഡറും സ്ലാബുകളും പൂർണമായി നീക്കി. നാലാമത്തെ സ്‌പാൻ പൊളിച്ചുനീക്കുന്ന ജോലികൾ ഞായറാഴ്‌ച ആരംഭിക്കും. നാലു ദിവസത്തിനുള്ളിൽ ഇത് പൊളിച്ചുനീക്കാനാണ് ലക്ഷ്യം.
മീഡിയൻ പൊളിക്കലും വശങ്ങളിലെ കോൺക്രീറ്റ് മതിൽ പൊളിക്കലും ഒപ്പം നടക്കും. ജർമൻ നിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ് കോൺക്രീറ്റ് മുറിക്കൽ. തുടർന്ന് ഗർഡറുകളും മുറിച്ചുനീക്കും. മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നാലാം സ്‌പാനിലെ ഗർഡറും സ്ലാബുകളും നീക്കുന്ന ജോലി ബുധനാഴ്‌ചയോടെ പൂർത്തിയാകും. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ് പൊളിക്കേണ്ടത്. പകരം സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം മുട്ടത്തെ യാർഡിൽ ആരംഭിച്ചിട്ടുണ്ട്.