കൊച്ചി : പാലാരിവട്ടം പാലം കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. പാലം രൂപകല്‍പന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നാഗേഷിനെ വിജിലന്‍സ് ബുധനാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
ബുധനാഴ്ച വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിനെതിരേ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളിലേക്ക് വിജിലന്‍സ് നീങ്ങിയതായാണ് റിപ്പോര്‍ട്ട്. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ശാസ്ത്രീയമായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും നാഗേഷിനെ പലതവണ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ഇന്ന് ഉച്ചയോടെ നാഗേഷിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
റിമാന്‍ഡിലുള്ള ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സംഘമടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
ഇബ്രാഹിം കുഞ്ഞിന്റെ നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അതോടൊപ്പം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്.