കൊച്ചി: ∙പാലാരിവട്ടം മേല്‍പാലത്തില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്തിനായുള്ള ജോലി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9 തൂണുകള്‍ കോണ്‍ക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തുകയും 4 പിയര്‍ ക്യാപുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യുകയുണ്ടായി. ആദ്യ ഘട്ടത്തില്‍ 4 സ്പാനുകള്‍ക്കാവശ്യമായ 24 ഗര്‍ഡറുകളാണു സ്ഥാപിക്കുന്നത്. കളമശേരി യാഡില്‍ 30 പ്രീ സ്ട്രസ്ഡ് ഗര്‍ഡറുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്.
ഇനി പുതിയതായി 102 ഗര്‍ഡറുകളാണു സ്ഥാപിക്കേണ്ടത്. റെക്കോര്‍ഡ് സമയമായ 57 ദിവസത്തിനുള്ളില്‍ പാലത്തിലെ സ്പാനുകള്‍ പൊളിക്കുന്ന ജോലികളും ഗര്‍ഡറുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്. ഗര്‍ഡറുകള്‍ സ്ഥാപിച്ച് അതു കോണ്‍ക്രീറ്റ് ചെയ്യാന്‍ 15 ദിവസത്തോളം വേണ്ടി വരുമെന്നു ഡിഎംആര്‍സി ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രന്‍ അറിയിക്കുകയുണ്ടായിരുന്നു. പാലം പുനര്‍നിര്‍മാണം തുടങ്ങിയിട്ട് നാളെ 2 മാസം പൂര്‍ത്തിയാകുകയാണ്.