കണ്ണൂര്‍ : കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവായ അധ്യാപകൻ കുനിയിൽ പദ്മരാജന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യഹർജി പരിഗണിക്കുക. പ്രതി അറസ്റ്റിലായി 90 ദിവസം ആയ സാഹചര്യത്തിൽ കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം നൽകിയിരുന്നു.
നിലവിൽ ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
നാലാം ക്ലാസുകാരിയെ അധ്യാപകൻ കുനിയിൽ പദ്മരാജൻ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതി കുടുംബം നൽകിയത് കഴിഞ്ഞ മാർച്ച് പതിനേഴിനാണ്. മജിസ്ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യമൊഴിയും നൽകി. ഒരുമാസത്തിന് ശേഷമാണ് പാനൂർ പോലീസ് പ്രതിയെ പിടികൂടുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ഏപ്രിൽ 23 മൂന്നിന് ക്രൈംബ്രാഞ്ചിന് വിട്ടു.
ഐജി ശ്രീജിത്തിനായിരുന്നു മേൽനോട്ട ചുമതല. ക്രൈംബ്രാഞ്ച് സംഘം പാനൂരിലെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഭാഗിക കുറ്റപത്രം നൽകിയത്. കുട്ടിയെ അധ്യാപകൻ സ്കൂളിൽ വച്ച് പല തവണ കൈകൊണ്ടും വടികൊണ്ടും മർദ്ദിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 82 പ്രകാരമുള്ള കുറ്റമാണ് പ്രതി പദ്മരാജനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. സമാനമായി 4 കുട്ടികളെ അധ്യാപകൻ മർദ്ദിച്ചതായും കുറ്റപത്രത്തിലുണ്ട്.