തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതായി റിപ്പോര്‍ട്ട്. വിജയരാഘവന്റെ ‘പാണക്കാട് പരാമര്‍ശത്തില്‍’ പാര്‍ട്ടിയുടെ തിരുത്ത് ഈ സാഹചര്യത്തിലാണ്. വിജയരാഘവന്റെ ആ വിവാദ പരാമര്‍ശം ഒഴിവാക്കാവുന്നതായിരുന്നുവെന്നു സിപിഎം വിലയിരുത്തി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിന്റെ ഈ അഭിപ്രായം വിജയരാഘവനും അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചുവെന്നാണ് വിവരം.
പാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ് മുസ്ലിം വോട്ട് നശിപ്പിച്ചു എന്ന വികാരമാണ് സിപിഎമ്മിനുള്ളില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് വിജയരാഘവനെ ശാസിച്ച് പിണറായി മുസ്ലിം വോട്ടുകള്‍ അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പാണക്കാട് തങ്ങളെ കടന്നാക്രമിച്ച് വിജയരാഘവന്‍ സാധ്യതകള്‍ ഇല്ലാതെയാക്കി. മലബാറിലെ മുസ്ലീങ്ങള്‍ക്ക് പാണക്കാട്ടെ കുടുംബവുമായി വ്യക്തിബന്ധമുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ആത്മയീയതയാണ് ഇതിന് കാരണം. പാണക്കാട് കുടുംബത്തെ ആരും മതത്തിന്റെ വേലിക്കെട്ടില്‍ കെട്ടുന്നുമില്ല. പോരാത്തതിന് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ് പണക്കാട്ടെ തങ്ങള്‍.
കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിനു ശേഷമുള്ള വിജയരാഘവന്റെ വാക്കുകള്‍ വന്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. എല്‍ഡിഎഫ് യോഗം നടന്ന 27ന് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ വസതിയിലെത്തി കണ്ടത്. ഇതേക്കുറിച്ച് വിജയരാഘവന്റെ ആക്ഷേപം ഇങ്ങനെയായിരുന്നു: ”പാണക്കാട്ടേയ്ക്കുള്ള രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും യാത്രയാണ് ഇന്നത്തെ പ്രഭാത വാര്‍ത്ത. ലക്ഷ്യം വ്യക്തമാണ്. മതാധിഷ്ഠിത രാഷ്ട്രീയ ശക്തികളുമായി കൂട്ടുകെട്ടു വിപുലീകരിക്കുക എന്ന നിലയിലേക്ക് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ചുരുങ്ങിപ്പോയി.” ഇത് ഏറെ ചര്‍ച്ചയായി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ തോല്‍പിക്കുന്നതിനുള്ള നീക്കമായി പോലും വിലയിരുത്തി. ഇതിനൊപ്പമാണ് യാക്കോബായ നേതൃത്വത്തിന്റെ വിമര്‍ശനം എത്തിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് രംഗത്ത് വന്നത്. മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിച്ചിട്ടുള്ള പാര്‍ട്ടിയാണ് ലീഗ്. തെരഞ്ഞെടുപ്പ് ജയത്തിനായി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന ആളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഇതെല്ലാം മുഖവിലയ്ക്കെടുത്താണ് വിജയരാഘവനെ പിണറായി ശാസിക്കുന്നത്.
കരുതലോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. തുടര്‍ഭരണം സാധ്യമാക്കാന്‍ എല്ലാവരേയും കൂടെ നിര്‍ത്തണം. അതുകൊണ്ട് ആരേയും പിണക്കരുതെന്നാണ് പിണറായിയുടെ നിലപാട്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും വേര്‍തിരിച്ചു പറയേണ്ടിയിരുന്നു എന്നാണ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയത്. ലീഗും ജമാഅത്തെ ഇസ്ലാമിയും ഒന്നാണ് എന്ന വിശകലനം സിപിഎമ്മിനില്ലെന്നും ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ യുഡിഎഫിന്റേതു വര്‍ഗീയ നിലപാടുകളാണ് എന്നു വിമര്‍ശിച്ചു.