പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനും, മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് മറിഞ്ഞ ലോറിയില്‍ ഇടിച്ച ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് അറിയിച്ചതായി പോലീസ് പറഞ്ഞു. എതിരെ ഒരു ബൈക്ക് വന്നപ്പോള്‍ അശ്രദ്ധയോടെ വെട്ടിച്ചതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രജീഷ് പറയുന്നത്. പാലക്കാട് ഭാഗത്തേക്ക് വന്ന മറ്റൊരു ലോറി റോഡില്‍ തെന്നി തന്റെ വണ്ടിയുടെ മുന്നില്‍ ഇടിച്ചെന്ന് അപകടത്തില്‍പ്പെട്ട ലോറിയുടെ ഉടമ റെജി പറഞ്ഞു. ലോറിയില്‍ രണ്ടു ഡ്രൈവര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആശുപത്രിയില്‍ ഉള്ളയാളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. മറ്റേയാളായിരുന്നു ലോറി ഓടിച്ചിരുന്നത്.
മറ്റേ വണ്ടി തട്ടിയതിനെത്തുടര്‍ന്ന് മുന്നിലെ ചില്ലു പൊട്ടിയിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ള ഡ്രൈവര്‍ പറഞ്ഞത്. പാലക്കാടു നിന്നും സിമെന്റ് എടുത്ത് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന വാഹനം തെന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് തന്നെ അറിയിച്ചതെന്നും ലോറി ഉടമ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ സിമന്റ് ലോറിയുടെ ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിമന്റ് ലോറിയില്‍ ഇടിച്ചെന്ന് പറയപ്പെടുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറിയിലെ ഡ്രൈവര്‍ വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.