റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് നവംബര്‍ ഇന്നു മുതല്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രാമസഭയുടെ അജണ്ടയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കരുതല്‍ സഹായനിധി എന്ന വിഷയം ഉള്‍പ്പെടുത്തിയതായി പഞ്ചായത്തംഗം പരാതി നല്‍കി. അജണ്ട സബ്ജുഡീസ് ആയതിനാല്‍ ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി റദ്ദു ചെയ്യണമെന്നാണ് പരാതി.
ഗ്രാമസഭയുടെ അംഗീകാരം നേടാതെയാണ് സഹായനിധി രൂപീകരിച്ചതെന്നും ഈ പിരിവ് നടത്തിയശേഷം അംഗീകാരം നേടുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ബിജെപിയുടെ വാര്‍ഡംഗമായ അരുണ്‍ അനിരുദ്ധന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് സംബന്ധമായ വിഷയങ്ങള്‍ ബാങ്കിന്റ ഭരണസമിതി ആണ് തീരുമാനിക്കേണ്ടത് അംഗങ്ങള്‍ കൊഴിഞ്ഞുപോകുന്നതും, നിക്ഷേപകര്‍ മൊത്തമായി പണം പിന്‍വലിക്കുന്നതോ ബാങ്ക് നഷ്ടത്തിലാകുന്നതോ, നിക്ഷേപകരുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നതോ ഗ്രാമസഭയില്‍ അവതരിപ്പിക്കേണ്ട വിഷയമല്ല.
നാടിന്റെ പൊതുവായ ആവശ്യങ്ങള്‍, പദ്ധതികള്‍,ആസൂത്രണം എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതുമായ വിഷയങ്ങള്‍ ആയിരിക്കണം ഗ്രാമസഭ അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടത്. അല്ലാതെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാന്‍ ശ്രമിക്കുന്നത് ചട്ടവിരുദ്ധമായതിനാല്‍ ഈ അജണ്ടകള്‍ പിന്‍വലിക്കണമെന്നാണ് രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.