പാലക്കാട് : പന്നിയങ്കര ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ച ടോള്‍ പിരിവ് തുടങ്ങി. ജൂലൈ ഒന്നിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൂട്ടിയ നിരക്കില്‍ ടോള്‍ പിരിക്കുന്നത്. ഇതുപ്രകാരം പന്നിയങ്കരയിലെ ടോള്‍ നിരക്ക് 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കും. മാര്‍ച്ച് ഒന്‍പതിനാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നീട് കരാര്‍ കമ്പനി ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.
ടോള്‍ കൂട്ടിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വര്‍ധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് മെയ് 27ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ തുടങ്ങുമ്പോഴുണ്ടായിരുന്ന നിരക്കിലാണ് പിരിച്ചിരുന്നത്. തുടര്‍ന്ന് ടോള്‍ നിരക്ക് കുറച്ചതിനെ ചോദ്യം ചെയ്ത് കരാര്‍ കമ്പനി സമര്‍പ്പിച്ച അപ്പീലില്‍ കരാര്‍ കമ്പനിക്ക് അനുകൂലമായ വിധി വരുകയായിരുന്നു. പ്രദേശവാസികള്‍ക്കുള്ള താല്‍ക്കാലിക സൗജന്യം തുടരും.