കണ്ണൂര്‍: കണ്ണൂരില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍, ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പാനൂരിലെ ഹനീഫ സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മാസം തികയാതെ വീട്ടില്‍ പ്രസവിച്ച്
മണിക്കൂറുകള്‍ക്കകം മരിച്ചത്. അടിയന്തര ശുശ്രൂഷ നല്‍കണമെന്ന് പാനൂര്‍ പിഎച്ച്‌സിയില്‍ എത്തി അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടറോ നഴ്സോ വീട്ടിലേക്ക് വന്നില്ലെന്ന് കുടുംബം പറയുന്നു.
എട്ടാം മാസം ഗര്‍ഭിണിയായിരുന്ന സമീറയുടെ ആരോഗ്യനില ഇന്ന് രാവിലെ പെട്ടെന്ന് വഷളായി വീട്ടില്‍ വച്ചുതന്നെ പ്രസവം നടന്നു. രക്തം നില്‍ക്കാത്തതിനാല്‍ അടിയന്തിര ശുശ്രൂഷ നല്‍കാനാവശ്യപ്പെട്ട് ഹനീഫ പാനൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് ഓടിയെത്തി എത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉടന്‍ വീട്ടിലേക്ക് എത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
പലതവണ പറഞ്ഞിട്ടും കൊവിഡ് സമയം ആയതിനാല്‍ വീട്ടിലെത്തി ശുശ്രൂഷ തരാന്‍ കഴിയില്ലെന്ന് ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സും ശഠിച്ചു. തുടര്‍ന്ന് പാനൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്നും നഴ്സിനെകൊണ്ടുവന്ന് പൊക്കിള്‍കൊടി മുറിച്ചു. കുഞ്ഞിനെയും കൊണ്ട് പോലീസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.