അഞ്ചൽ : തമിഴ്നാട് സ്വദേശികളായ നോട്ടിരട്ടിപ്പു സംഘവും ഇവരുമായി ഇടപാടുള്ള ആളുകളും റോഡിൽ ഏറ്റുമുട്ടി, നാട്ടുകാർ ഇടപെട്ട് ഇവരെ പോലീസിൽ ഏൽപിച്ചു. ഇന്നലെ വൈകിട്ട് എട്ടരയോടെ അഞ്ചൽ – ആയൂർ റോഡിലെ കൈപ്പള്ളി സൊസൈറ്റി മുക്കിനു സമീപമായിരുന്നു ഏറ്റുമുട്ടൽ . അഞ്ചൽ മിഷൻ ആശുപത്രിക്കു സമീപമുള്ള ഒരാളും ഇയാളുടെ സുഹൃത്തുക്കളുമാണ് തമിഴ് സംഘവുമായി ഏറ്റുമുട്ടിയത്. പണം ഇടപാടിൽ ഉണ്ടായ പ്രശ്നമാണു സംഘട്ടനത്തിന് ഇടയാക്കിയതെന്നു പോലീസ് പറയുന്നു. ഏഴുലക്ഷം രൂപ നൽകിയാൽ 21 ലക്ഷം രൂപ തിരികെ നൽകുമെന്നായിരുന്നത്രെ തമിഴ് സംഘത്തിന്റെ വാഗ്ദാനം .
എട്ടുമണിയോടെ കാറിൽ എത്തിയ തമിഴ് സംഘത്തിനു യുവാക്കൾ പണം നൽകി. തമിഴ്നാട് സ്വദേശികൾ ഒറ്റ നോട്ടത്തിൽ രൂപയെന്നു തോന്നുന്ന കെട്ടുകൾ യുവാക്കളെ ഏൽപിച്ചു കാറിൽ സ്ഥലം വിട്ടു. സൂക്ഷ്മ പരിശോധനയിൽ ഇവയിൽ കൂടുതലും കടലാസാണെന്നു ബോധ്യമായതോടെ യുവാക്കൾ തമിഴ് സംഘത്തെ പിന്തുടർന്നു കൈപ്പള്ളി മുക്കിൽ തടയുകയായിരുന്നു. സംഘട്ടനത്തിനിടെ 2 തമിഴ്നാട് സ്വദേശികളെയും അഞ്ചൽ സ്വദേശിയെയും നാട്ടുകാർ പിടികൂടുകയായിരുന്നു. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശിയായ ഒരാളെ രാത്രി ഒൻപതു മണിയോടെ ആനപ്പുഴയ്ക്കൽ പ്രദേശത്തു കണ്ടെത്തി. പോലീസ് അന്വേഷണം തുടരുന്നു.