ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ അന്തരീക്ഷത്തിലും സംഘടിത തൊഴിലാളികളുടെ അവകാശങ്ങളിലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍ കോഡുകള്‍ രാജ്യസഭയും കടന്നു. വിവാദനിയമങ്ങള്‍ പാസാക്കി ബഹളത്തില്‍ മുങ്ങിയ കോവിഡ് കാലത്തെ പാര്‍ലമെന്റ് സമ്മേളനവും അവസാനിപ്പിച്ചു. സമരം ചെയ്യാനുള്ള തൊഴിലാളിയുടെ അവകാശത്തിന് കടുത്തനിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടുന്നതും തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് വിശാലമായ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നതുമായ നിയമങ്ങള്‍ ലോക്‌സഭയില്‍ ചൊവ്വാഴ്ച പാസായിരുന്നു.
വ്യവസായ ബന്ധ കോഡ് 2020, സാമൂഹിക സുരക്ഷാ കോഡ് 2020, ജോലി സ്ഥലത്തെ തൊഴില്‍ സുരക്ഷാ, ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങള്‍ 2020, എന്നീ ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയത്. കാര്‍ഷികബില്‍ അവതരണത്തേത്തുടര്‍ന്നുള്ള നടപടികളില്‍ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്.
മിനിമം വേതനം ഉറപ്പാക്കുന്ന വേജ് കോഡ് 2019 ഓഗസ്റ്റില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതും കൂടി ഉള്‍പ്പെടെ നാലു തൊഴില്‍ കോഡുകള്‍ ആയിരിക്കും 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്കു പകരം ഇനി രാജ്യത്ത് ഉണ്ടായിരിക്കുക. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന്‍ നിയമം, ഖനി നിയമം, ഇ.പി.എഫ്. നിയമം, ഇ.എസ്.ഐ. നിയമം, പ്രസവാനുകൂല്യ നിയമം എന്നിവ അടക്കമുള്ളവയാണ് പുതിയ തൊഴില്‍ കോഡില്‍ ലയിച്ചിട്ടുള്ളത്.
വ്യവസായ ബന്ധകോഡ് (ഐ.ആര്‍. കോഡ്)
* സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാന്‍ 300 വരെ ജോലിക്കാരുള്ള കമ്പനികള്‍ക്ക് അവകാശം. നിലവില്‍ 100ല്‍ താഴെ ജീവനക്കാരുള്ള വ്യവസായ സ്ഥാനപങ്ങള്‍ക്കേ ഈ അവകാശമുള്ളു.
* സമരം ചെയ്യണമെങ്കില്‍ ജീവനക്കാര്‍ കുറഞ്ഞത് 60 ദിവസം മുമ്പ് നോട്ടീസ് നല്‍കണം.
* ട്രിബ്യൂണലിനു മുന്നിലോ, നാഷണല്‍ വ്യവസായിക ട്രിബ്യൂണലിലോ നടപടികള്‍ തുടരുന്നതിനിടെ സമരം പാടില്ല.
* സമരത്തിന്റെ നിര്‍വചനം മാറ്റും, 50 ശതമാനത്തിലേറെ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്താല്‍ സമരമായി കണക്കാക്കും.
* കോഡ് എല്ലാവിധ വ്യവസായങ്ങള്‍ക്കും ബാധകം.
* ജീവനക്കാര്‍ക്കുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മതി. 300ല്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മേധാവികളുടെ ഇഷ്ടപ്രകാരമുള്ള സേവനവ്യവസ്ഥകള്‍ കൊണ്ടുവരാനിടയാക്കും.
സാമൂഹിക സുരക്ഷാ കോഡ് (എസ്.എസ്. കോഡ്)
* അസംഘടിത തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍ (യൂബര്‍, സൊമാറ്റോ പോലെ ടെക് അധിഷ്ഠിത കരാര്‍ തൊഴില്‍), പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ എന്നിവര്‍ക്ക് സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കും. ദേശീയ സാമൂഹിക സുരക്ഷാ ബോര്‍ഡിനായിരിക്കും ഉത്തരവാദിത്തം.
* ജീവിത, ഭിന്നശേഷി ഇന്‍ഷുറന്‍സ്, പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ, പ്രസവ ആനൂകൂല്യങ്ങള്‍ എന്നിവ ഈ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്കും ലഭ്യമാക്കും.
* അസംഘടിത മേഖലയിലെ 40 കോടി പേര്‍ക്ക് ഗുണകരമാകുമെന്ന് സര്‍ക്കാര്‍.
തൊഴിലിട സുരക്ഷാ കോഡ് (ഒ.എസ്.സി. കോഡ്)
* സുരക്ഷ, അവധി, ജോലിസമയം, തൊഴിലാളിയുടെ സമ്മതം എന്നിവയോടെ വനിതാതൊഴിലാളികളെ രാത്രിയും ജോലി ചെയ്യിക്കാം.
* ഇതരസംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള 1979ലെ നിയമവും മറ്റ് 13 നിയമങ്ങളും പരിഷ്‌കരിക്കും.
* സ്വന്തം നാട്ടില്‍നിന്ന് മറ്റൊരു സംസ്ഥാനത്ത് തൊഴില്‍ തേടി എത്തി 18000 രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവരാകും കുടിയേറ്റ തൊഴിലാളി എന്ന നിര്‍വചനത്തില്‍ വരുന്നത്.
* ജോലിസ്ഥലത്തിന് സമീപം താല്‍ക്കാലിക താമസമൊരുക്കണമെന്ന മുന്‍നിര്‍ദേശം പിന്‍വലിക്കും. പകരം തൊഴില്‍സ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള യാത്രാക്കൂലി നല്‍കണം.