കോഴഞ്ചേരി : റോഡപകടത്തിൽപ്പെട്ട് വഴിയരികിൽ കിടന്ന യുവാവിന് കാരുണ്യത്തിന്റെ കരസ്പർമായി മാറിയ പാർവ്വതിയെ ആറന്മുള ജനമൈത്രി പോലീസ് ആദരിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചെറുകോൽ കാട്ടൂർ എന്‍.എസ്.എസ് ഹൈസ്കൂളിന് സമീപം ഒരു ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അപകടശബ്ദം കേട്ടാണ് പാര്‍വതി റോഡിലേക്ക് ശ്രദ്ധിച്ചത്. റോഡില്‍ നിന്നും അല്‍പ്പം മാറിയാണ് പാര്‍വതിയുടെ വീട്. എന്തോ അപകടസൂചന തോന്നിയപോലെ പാര്‍വതി അമ്മയെയുംകൂട്ടി ആ രാത്രിയില്‍ റോഡില്‍ എത്തി. പരിക്കുപറ്റിയ യുവാവ് ഏറെനേരം റോഡില്‍ കിടന്നിട്ടും സമീപവാസികള്‍ ആരും തിരിഞ്ഞു നോക്കിയില്ല. വാഹന യാത്രക്കാരും നിര്‍ത്തിയില്ല. സമീപവാസികളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ തികഞ്ഞ നിസ്സംഗതയോടെ അവര്‍ പുറംതിരിഞ്ഞുനിന്നുവെന്ന് പാര്‍വതി പറഞ്ഞു.
കയ്യിലുള്ള വെളിച്ചത്തില്‍ പരിസരം സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു ബൈക്ക് അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടു. അല്പം അകലെ ഒരു യുവാവ് പരിക്കുപറ്റി സഹായത്തിനുവേണ്ടി യാചിക്കുന്നു. ഒരിറ്റു വെള്ളത്തിനുള്ള യാചനപോലും അവിടെ എത്തിയവര്‍ കേട്ടില്ല. പക്ഷെ പാര്‍വതി കേട്ടു..ജീവന്റെ വിളി. എവിടെനിന്നോ വെള്ളം കൊണ്ടുവന്ന് ആ യുവാവിന്റെ ചുണ്ടിലേക്ക് ഇറ്റിറ്റ് വീഴിക്കുമ്പോള്‍ പാര്‍വതിയുടെ മനസ്സ് സമൂഹത്തെയോര്‍ത്ത് വിങ്ങിപ്പൊട്ടുകയായിരുന്നു. ദാഹജലം കിട്ടിയതോടുകൂടി ആ യുവാവ് സംസാരിച്ചുതുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ സഹോദരിയോട് എങ്ങനെയെങ്കിലും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അതിനുമുമ്പേ പാര്‍വതി അയല്‍ക്കാരോട് വാഹനം ആവശ്യപ്പെട്ടിരുന്നു. എല്ലാ വീടിന്റെയും പോര്‍ച്ചില്‍ ഒന്നും രണ്ടും കാറുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും വാഹനവുമായി വന്നില്ല. പിന്നെ കാത്തുനില്‍ക്കുവാന്‍ പാര്‍വതി നിന്നില്ല. 100 എന്ന പോലീസ് സഹായ നമ്പറില്‍ വിളിച്ചു. മിനിട്ടുകള്‍ക്കുള്ളില്‍ ആറന്മുള പോലീസ് സ്റ്റേഷനിൽ നിന്നും എ.എസ്.ഐ ഡി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആംബുലന്‍സുമായി പാഞ്ഞെത്തി. നാട്ടുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കെ ആ ചെറുപ്പക്കാരനെ അവര്‍ ആശുപത്രിയില്‍ എത്തിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ എം എ മലയാളം രണ്ടാം വർഷ വിദ്യാർത്ഥി പി.എം പാർവ്വതിയുടെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് ആ യുവാവിന് ജീവന്‍ തിരിച്ചു കിട്ടിയത്. സമൂഹത്തോടുള്ള രോഷവും സങ്കടവും ഒക്കെ പാര്‍വതി തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ പുറത്തെത്തിച്ചു. മരവിച്ച മനസ്സുമായി സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടാകട്ടെ എന്ന് കരുതിയാണ് പാര്‍വതി ലൈവില്‍ വന്നത്. ഇതുകണ്ട് നിരവധിപേര്‍ അഭിനന്ദനങ്ങളുമായി പാര്‍വതിയെ കാണാനെത്തി.
ആറന്മുള ജനമൈത്രി പോലീസും പാര്‍വതിയെ അഭിനന്ദിച്ചു. പാർവ്വതിയെന്ന കൊച്ചു മിടുക്കിയുടെ അവസരോചിതമായ ഇടപെടലിലൂടെ ഒരു കുടുംബത്തിന്റെ ആശ്രയമായ ആയുവാവിന്റെ ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പറഞ്ഞു. ജീവിതത്തില്‍ മൂല്യബോധവും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്. ജീവന്‍ നല്‍കുവാന്‍ നമുക്ക് കഴിയില്ല, എന്നാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ചിലപ്പോള്‍ നമുക്ക് കഴിയും. റോഡുകളില്‍ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. വീടിന്റെ പോര്‍ച്ചില്‍ വാഹനങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിക്കാനുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. റോഡിലെ തിരക്കില്‍ ചീറിപ്പായുമ്പോള്‍ ഏതു നിമിഷവും അപകടം സംഭവിക്കാം. ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനം ഓടിച്ചാല്‍ ഒരു പരിധിവരെ അപകടം കുറയ്ക്കാം. അപകടം എവിടെ കണ്ടാലും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുവാന്‍ ശ്രമിക്കണം. ഒപ്പം എത്രയുംവേഗം പോലീസിനെ അറിയിക്കുകയും വേണം. ഇവിടെയും പാര്‍വതി എന്ന കൊച്ചു മിടുക്കി ചെയ്തത് അതാണ്. ഇതുപോലെയുള്ള പാര്‍വതികള്‍ ഇനിയുമുണ്ടാകണം. വിളിപ്പുറത്ത് സഹായവുമായി ഓടിയെത്താന്‍ പോലീസ് ഉണ്ടാകുമെന്നും ജി.സന്തോഷ് കുമാർ പറഞ്ഞു.
എസ് എച്ച് ഒ ജി.സന്തോഷ് കുമാർ പാർവ്വതിയെ ആദരിച്ചുകൊണ്ട് പോലീസിന്റെ മൊമെന്റോ നല്‍കി. ആറന്മുള എസ് ഐ ജോബിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എസ് ഐമാരായ സി കെ വേണു , സി ഒ ഫിലിപ്പ്, എ എസ് ഐ പി . പ്രസാദ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് എന്നിവർ പ്രസംഗിച്ചു. ആറന്മുള ജനമൈത്രി പോലീസിന്റെ ആദരവിന് മറുപടി പ്രസംഗത്തിലൂടെ പാര്‍വതി നന്ദി അറിയിച്ചു.
All rights reserved@Prakash Inchathanam