കൊച്ചി: ബി ജെ പി സംസ്ഥാന ഘടകത്തിന്റെ പുനഃസംഘടനയിൽ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് മതിയായ പരിഗണന നൽകാൻ തീരുമാനം. പാർട്ടിയുടെ പുതിയ ജില്ലാ പ്രസിഡന്റുമാരിലും സംസ്ഥാന ഭാരവാഹിത്വങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് ഇത്തവണ പരിഗണന ഉറപ്പായി. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കോട്ടയമാണ് ന്യൂനപക്ഷങ്ങൾക്കായി പരിഗണിക്കുന്നത്. ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് മൈനോറിറ്റി മോർച്ച സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. നോബിൾ മാത്യു.
ക്രിസ്ത്യൻ വിഭാഗങ്ങളുടെയും കേരളാ കോൺഗ്രസുകളുടെയും ആസ്ഥാനമായ കോട്ടയത്ത് ഇതേ വിഭാഗങ്ങളിൽ നിന്നുള്ള ഒരാൾ പാർട്ടി ചുമതലയിലേക്ക് വരുന്നത് ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വിദ്യാർത്ഥി വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന നോബിൾ മാത്യു ഇപ്പോഴും പി ജെ ജോസഫുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്. എ പി അബ്ദുള്ളക്കുട്ടി എക്സ് എം പിയെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂനപക്ഷങ്ങളിൽ നിന്നൊരാൾ എന്ന നിർദ്ദേശവും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലാണ്.