പത്തനംതിട്ട : കാനറ ബാങ്ക് തട്ടിപ്പ് മാനദണ്ഡങ്ങള്‍ പ്രകാരം അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ ശുപാര്‍ശ. കനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയില്‍നിന്ന് ജീവനക്കാരന്‍ വിജീഷ് വര്‍ഗീസ് 8.13 കോടി തട്ടിപ്പ് നടത്തിയതാണ് കേസ്. അന്വേഷണ ചുമതല ഉണ്ടായിരുന്ന സംസ്ഥാന ക്രൈബ്രാഞ്ചില്‍ നിന്നുമാണ് സിബിഐയ്ക്ക് കേസ് കൈമാറുന്നത്.
കനറാ ബാങ്ക് രണ്ടാം ശാഖയില്‍ ക്ലോസ് ചെയ്യാന്‍ അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെട്ട എസ്.ബി. അക്കൗണ്ടുകളും ബാങ്കിലെ കാഷ്യര്‍ കം ക്ലാര്‍ക്കായിരുന്ന പ്രതി തട്ടിപ്പിനായി ദുരുപയോഗം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഉടമകളുടെ ആവശ്യപ്രകാരം എസ്.ബി. അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തെന്ന് വരുത്തുകയും തട്ടിപ്പിനായി ഇവ നിലനിര്‍ത്തുകയും ചെയ്തെന്ന് ഓഡിറ്റില്‍ കണ്ടെത്തി. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്ത പണം ഇത്തരം ഒന്‍പത് അക്കൗണ്ടുകളിലേക്ക് ആദ്യം നിക്ഷേപിച്ചത്. 82 ഇടപാടുകള്‍ ഈ രീതിയില്‍ നടത്തി.
പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കപ്പെടുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കേണ്ടതാണ്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ അക്കൗണ്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍ നീക്കി. പിന്നീട് ഈ അക്കൗണ്ടുകളിലെ തുക പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി. സ്വന്തം പേരിലുള്ള നാല് അക്കൗണ്ടുകളിലേക്ക് വിജീഷ് വര്‍ഗീസ് 5,39,79,448 രൂപയാണ് മാറ്റിയത്. ഭാര്യയുടെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്ക് 2,54,44,170 രൂപയും മാറ്റിയെന്നും ഓഡിറ്റില്‍ കണ്ടെത്തി.