പത്തനംതിട്ട: പലതട്ടിലായിരുന്ന ജില്ലയിലെ കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ നേതൃത്വം ഇടപെട്ട് ഐക്യം പുനഃസ്ഥാപിക്കുന്നു. സംസ്ഥാനതലത്തില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ ചുവടുപിടിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് ജില്ലയിലും നേതാക്കളെ ഒന്നിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മുന്‍കൈ എടുത്താണ് അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്, ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ തട്ടുകളിലായിരുന്ന ഐ ഗ്രൂപ്പിനെ ഏകീകൃത സ്വഭാവത്തിലേക്ക് എത്തിക്കുന്നത്.
ഇനിമുതല്‍ അടൂര്‍ പ്രകാശ് എം.പിയുടെ നേതൃത്വത്തില്‍ നേതാക്കളുമായി കൂടിയാലോചിച്ചു ജില്ലയില്‍ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് സംസ്ഥാന തലത്തില്‍ ഗ്രൂപ് നേതൃത്വം നല്കിയ കര്‍ശന നിര്‍ദേശമെന്നറിയുന്നു. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍നിന്ന് എം.പിയായതിനു പിന്നാലെ കോന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് ഐ ഗ്രൂപ് ജില്ലയില്‍ പലതട്ടിലായി പിരിഞ്ഞത്. അടൂര്‍ പ്രകാശിനെയും അദ്ദേഹം കോന്നിയില്‍ സ്ഥാനാര്‍ഥിയായി മുന്നോട്ടുവെച്ച റോബിന് പീറ്ററിനെയും അനുകൂലിക്കുന്നവരൊഴികെ മറ്റ് ഐ ഗ്രൂപ് നേതാക്കള്‍ എ വിഭാഗത്തിെന്റ ബി ടീമായി ജില്ലയില്‍ മാറിയിരുന്നു.
അടൂര്‍ പ്രകാശിനെ മുഖ്യശത്രുവായി കണ്ടാണ് ഐ വിഭാഗം നേതാക്കളില്‍ ഒരു വിഭാഗം നീങ്ങിയത്. അതിനെല്ലാം അറുതിയായി എന്നാണ് ഇപ്പോള്‍ ഐ വിഭാഗം അവകാശപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിക്കാന്‍ കളമൊരുങ്ങിയെന്ന കണക്കുകൂട്ടലാണ് നേതൃത്വത്തിനുള്ളത്.
അതനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമാണ് ജില്ലയിലെ ഐ ഗ്രൂപ്പില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനു പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. പത്തനംതിട്ടയില്‍ ജില്ല അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും അതിനുശേഷം മണ്ഡലത്തിലും നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്തു പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഐ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഇതിെന്റ ആദ്യപടിയായി അടൂര്‍ പ്രകാശ് എം.പി, പഴകുളം മധു, ഷംസുദ്ദീന്, ജ്യോതിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ റാന്നി നിയോജക മണ്ഡലംതല യോഗം നടന്നു. ഡി.സി.സി സെക്രട്ടറി എബ്രഹാം മാത്യു പനച്ചമൂട് നേതൃത്വത്തില്‍ ഡി.സി.സി സെക്രട്ടറിമാരായ സതീഷ് പണിക്കര്‍ അഹമ്മദ് ഷാ എന്നിവര്‍ മുന്‍കൈ എടുത്ത് വിളിച്ച യോഗത്തില്‍ നൂറിലേറെ നേതാക്കളാണ് പങ്കെടുത്തത്.
വരുംദിവസങ്ങളില്‍ മറ്റ് നാല് നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള യോഗങ്ങളും വിളിക്കും. പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിക്കുന്നതിനൊപ്പം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നിര തീര്‍ക്കുകയും ചെയ്യുമത്രേ. എന്നാല്‍, സംഘടനാപരമായി പാര്‍ട്ടിക്ക് ദോഷം വരുന്ന, ക്ഷീണം സംഭവിക്കുന്ന യാതൊരുവിധമായ പരസ്യ നിലപാടുകളും എടുക്കേണ്ട എന്നും തീരുമാനിച്ചിട്ടുണ്ട്.