റാന്നി: മുക്കൂട്ടുതറ വെൺകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല നിർമ്മല ഭവനിൽ
മുരളീധരൻ നായർ കമ്മീഷനിൽ നല്‍കിയ കേസിന്റെ വിധി നടത്തിപ്പു ഹർജിയിലാണ് പ്രതികളെ കമ്മീഷനിൽ അറസ്റ്റ് ചെയ്ത‌് ഹാജരാക്കാൻ വെച്ചൂച്ചിറ പോലീസിനു നിർദ്ദേശം കൊടുത്തത്. മുരളീധരൻ നായർ കമ്മീഷനിൽ നേരത്തെ ഫയൽ ചെയ്‌ത കേസിൽ ബാങ്കിൽ നിഷേപിച്ചിരുന്ന 3 ലക്ഷം രൂപയും പലിശയും ഒരു മാസത്തിനകം കൊടുക്കാൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
കമ്മീഷന്റെ ഉത്തരവിൻ പ്രകാരം 1 ലക്ഷം രൂപാ ബാങ്ക് മുരളീധരൻ നായർക്ക് കൊടുത്തിരുന്നു. എന്നാൽ ബാക്കി വരുന്ന 2.5 ലക്ഷം രൂപാ നാളിതുവരെ കൊടുക്കാഞ്ഞതിനാണ് മുരളീധരൻ നായർ വിധി നടത്തിപ്പു ഹർജി കമ്മീഷനിൽ ഫയൽ ചെയ്തത്. പ്രതികൾക്കു വേണ്ടി അഭിഭാഷകൻ കമ്മീഷനിൽ ഹാജരായെങ്കിലും കമ്മീഷന്റെ നെരത്തെ ഉളള ഉത്തരവ് നടപ്പിലാക്കേണ്ട കടമ കമ്മീഷന് ഉണ്ടെന്നു നിരീക്ഷിച്ച പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും മെമ്പർ നിഷാദ് തങ്കപ്പനും ഉത്തരവു ലഭിച്ച ഉടന്‍ പ്രതികളെ അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയാണ് ചെയ്തത്.