പത്തനംതിട്ട : സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആറു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. മൈലപ്ര, നാറാണംമൂഴി, തെള്ളിയൂര്‍, കുറ്റൂര്‍, കവിയൂര്‍, സീതത്തോട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ ഒ.പി സൗകര്യം, ശ്വാസ്-ആശ്വാസ് ക്ലിനിക്കുകള്‍, മൂന്നു ഡോക്ടര്‍ന്മാരുടെയും നാലു സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം, ഇ-ഹെല്‍ത്ത്, റഫറല്‍ സംവിധാനം, വിദഗ്ധ ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ജനസൗഹൃദ അന്തരീക്ഷം എന്നീ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ശ്വാസകോശ രോഗങ്ങള്‍ക്ക് ശ്വാസ് ക്ലിനിക്കും വിഷാദരോഗത്തിന് ആശ്വാസ് ക്ലിനിക്കും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കുന്നു.
മൊത്തം ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇ-ഹെല്‍ത്ത് സംവിധാനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സാ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുന്നു. വിദഗ്ധ ഡോക്ടര്‍ന്മാരുടെ സേവനം വിദൂരതയില്‍ നിന്നു ലഭ്യമാക്കുന്നതിനു ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം വഴി ലഭ്യമാക്കുന്നു.
പൊതുജന സൗഹൃദമായ അന്തരീക്ഷം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരുക്കും.
ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനുമായി സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നോ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നോ 15 ലക്ഷം രൂപയും ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഇതുവരെ പത്തനംതിട്ട ജില്ലയില്‍ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. പുതിയതായി ആറു കേന്ദ്രങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതോടെ ആകെ 22 കുടുംബാരോഗ്യ കേന്ദ്രങ്ങളാകും ജില്ലയില്‍