പത്തനംതിട്ട മാറുകയല്ല … മാറിക്കഴിഞ്ഞു : യുവജനങ്ങള്‍ നാടുവിടുന്നു ….ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു – എവിടെയും അടഞ്ഞുകിടക്കുന്ന വീടുകള്‍ – താമസമുള്ള വീടുകളില്‍ വയോധികള്‍ മാത്രം – കാര്‍ഷിക മേഖല തകര്‍ന്നു – ജനവാസ മേഖല കയ്യടക്കി വന്യമൃഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ജില്ലയില്‍ താമസമില്ലാത്ത വീടുകള്‍ 61,000. താമസമുള്ള വീടുകളില്‍ വയോധികരായ മാതാപിതാക്കള്‍ മാത്രം. ദേശസാല്‍കൃത ബാങ്കുകളില്‍ അകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 111.82 കോടി രൂപ.

പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിടുകയാണ്. ഇത് കേരളം മുഴുവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണെങ്കിലും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍  പത്തനംതിട്ട ജില്ലയിലാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മുമ്പ് എഞ്ചിനിയറിംഗ് സീറ്റുകള്‍ക്ക് കോഴ കൊടുത്ത് ക്യൂവില്‍ കാത്തുനിന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഫീസുകള്‍ കുത്തനെ കുറച്ചിട്ടും പഠിക്കാന്‍ വിദ്യാര്‍ഥികളില്ല. അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു, പലരെയും ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. എന്നിട്ടും പിടിച്ചുനില്‍ക്കാനാവാതെ നട്ടംതിരിയുകയാണ് മിക്ക സ്ഥാപനങ്ങളും. ജില്ലയില്‍ രണ്ട് എൻജിനിയറിംഗ് കോളജുകള്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍   അടച്ചുപൂട്ടിക്കഴിഞ്ഞു.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോളജുകളില്‍ പോലും പല കോഴ്സുകള്‍ക്കും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദ കോഴ്സുകളില്‍ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയില്‍ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകള്‍ക്കു പിടിച്ചു നില്‍ക്കാനാകുന്നില്ല. നാലു മെഡിക്കല്‍ കോളജുകളാണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത്, ഒപ്പം നിരവധി നേഴ്സിംഗ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസില്‍ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട.

ജനസംഖ്യയിലെ കുറവിനൊപ്പം ആളുകള്‍ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.  വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ തൊഴില്‍ മേഖലകള്‍ ഒരുക്കിക്കൊടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ കൂടുതല്‍പേരും കേരളം വിടുകയോ രാജ്യം വിടുകയോ ചെയ്യുകയാണ്. പലരും പിന്നീട് വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാകുകയും ചെയ്യുന്നു. തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രസക്തി ഏറിയിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

അകാശികള്‍ ഇല്ലാതെ ജില്ലയിലെ ദേശസാല്‍കൃത ബാങ്കുകളില്‍ കെട്ടികിടക്കുന്നത് 111.82 കോടി രൂപയാണ്. 4,07,747 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയും തുകയുള്ളത്.
അവകാശികളെ നിശ്ചയിക്കാത്ത അക്കൗണ്ടുകളിലാണ് ഇത്രയധികം തുക ഉള്ളത്. ഇൻഷ്വറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍കൂടി വരുന്നതോടെ ആകെത്തുക ഇനിയും വർധിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളുടെയും ശാഖകളുണ്ടായിരുന്ന സ്ഥലങ്ങളാണ് കുമ്പനാടും തിരുവല്ലയും. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഇവിടെയുള്ള ബാങ്കുകളില്‍ ആയിരുന്നു. ഇവിടെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന പല കുടുംബങ്ങളിലെയും ആളുകള്‍ മരിച്ചതോടെ അവകാശികളില്ലാതെ പണം കെട്ടിക്കിടക്കുന്ന സ്ഥിതിയായി.

പത്തനംതിട്ട ജില്ലയില്‍ ആളില്ലാ വീടുകള്‍ 61,000 വരുമെന്നാണ് കണക്കുകള്‍. വിദേശത്തേക്കു പോയവർ അവിടെതന്നെ സ്ഥിരതാമസമാക്കിയതോടെയാണ് വീടുകള്‍ അടച്ചുപൂട്ടപ്പെട്ടത്. പുതിയ കണക്കുകള്‍ പ്രകാരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശരാശരി 900 വീടുകള്‍ അടഞ്ഞു കിടക്കുകയാണ്. അടൂർ നഗരസഭ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ അടഞ്ഞുകിടക്കുന്നത്. 3,266 വീടുകള്‍. പത്തനംതിട്ട നഗരപരിധിയില്‍ 2,452 വീടുകളും അടഞ്ഞു കിടക്കുകയാണ്. കുമ്പനാട്, ഇരവിപേരൂർ മേഖലകളില്‍ 2,630 വീടുകളില്‍ ആളില്ല. തിരുവല്ല നഗരസഭയില്‍ 1,050 വീടുകള്‍ അടച്ചിട്ടിരിക്കുകയാണ്. പന്തളത്ത് 1521 വീടുകളും അടഞ്ഞുകിടക്കുന്നു. കടമ്പനാട്ട് 2031, ഏഴംകുളത്ത് 1986, മല്ലപ്പള്ളിയില്‍ 1150, റാന്നിയില്‍ 950, കോന്നിയില്‍ 759, കവിയൂരില്‍ 750, പഴവങ്ങാടിയില്‍ 730 എന്നിങ്ങനെയും വീടുകള്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് കാലത്തിനു ശേഷമാണ് പലരും വിദേശത്തേക്കു സ്ഥിരതാമസമാക്കിയത്.

ജില്ലയില്‍ വയോധികർ മാത്രം കഴിയുന്ന വീടുകളുടെ എണ്ണത്തിലും ക്രമാതീതമായ വർധനയുണ്ട്. മക്കളും കൊച്ചുമക്കളുമെല്ലാം വിദേശത്തായതിനാല്‍ അവർ അവിടെയിരുന്നു വയോധികരായ മാതാപിതാക്കളെ കാമറ നിരീക്ഷണം നടത്തുകയാണ്. ഭക്ഷണം പോലും പുറമേനിന്ന് ഓർഡർ നല്‍കി മാതാപിതാക്കള്‍ക്കു കൃത്യമായി എത്തിച്ചു നല്‍കും. രാത്രിയില്‍ കൂട്ടുകിടക്കാനും ആളുകളെ ക്രമീകരിച്ചിട്ടുണ്ട്. ചികിത്സാ കാര്യങ്ങള്‍ ആശുപത്രികളും വീടുകളിലെത്തി ക്രമീകരിച്ചു നല്‍കും. ഇത്തരത്തിലുള്ള ജീവിതരീതികളിലേക്കു വയോധികരും ഇഴകിച്ചേർന്നിരിക്കുകയാണ് ഇപ്പോള്‍.

കാർഷിക മേഖലയുടെ തകർച്ച ജില്ലയുടെ സാമ്പത്തിക അടിത്തറയും തകര്‍ത്തു. റബറിനു വിലസ്ഥിരത ഇല്ലാതെ പോയതോടെ കർഷകർ മറ്റു കൃഷികളിലേക്കു കടന്നു. എന്നാല്‍ പന്നിയും ആനയും എല്ലാം കാടുവിട്ട് നാട്ടില്‍ താമസമാക്കിയതോടെ ഇതര കൃഷികളുടെ പ്രതീക്ഷയും അസ്തമിച്ചു. വനമേഖലയില്‍നിന്ന് കാട്ടുപന്നി കിലോമീറ്ററുകള്‍ താണ്ടി ജില്ലയുടെ പടിഞ്ഞാറൻ മേഖലവരെ എത്തി. നെല്‍ക്കൃഷിയെ അടക്കം കാട്ടുപന്നിയുടെ ശല്യം ബാധിച്ചു. ഇതോടെ കൃഷിയിടങ്ങള്‍ കർഷകർ തരിശിട്ടു തുടങ്ങി.

കാടുകയറിയ കൃഷിയിടങ്ങളിലേക്കു കൂടുതല്‍ കാട്ടുമൃഗങ്ങള്‍ താമസമാക്കിത്തുടങ്ങി. ആവാസ വ്യവസ്ഥയെതന്നെ ബാധിക്കുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ കാട്ടുമൃഗ പ്രശ്നങ്ങള്‍. കാർഷിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ പലതും കടലാസില്‍ ഒതുങ്ങി. പ്രധാന നദികളെല്ലാം മാലിന്യം നിറഞ്ഞ് നശിച്ചു. കാർഷിക വിളകള്‍ക്കു ന്യായമായ വില ലഭിക്കാത്തതും സംഭരണത്തിന് അടക്കം സൗകര്യം ഇല്ലാത്തതും കർഷകരെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...