കടമ്മനിട്ട: പത്തനംതിട്ട-കടമ്മനിട്ട റോഡിൽ കുടിലുകുഴി മാലിന്യം തള്ളാനുള്ള കുഴിയായി മാറി. കടമ്മനിട്ട പ്രദേശത്തിന്റെ അടിവാരഭാഗമായ കുടിലുകുഴിയിലെ ജനവാസംകുറഞ്ഞ മേഖലയിലാണ് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത്. ഈ പ്രദേശത്ത് ആൾതാമസം കുറവായതിനാൽ മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വലിച്ചെറിയുന്നത്.
പത്തനംതിട്ട ഭാഗത്തുനിന്ന് ഇറച്ചി മാലിന്യമുൾപ്പെടെയാണ് ഇവിടെകൊണ്ടുതള്ളുന്നത്. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിലുകുഴി-വെട്ടിപ്രം തോട്ടിലാണ് മാലിന്യമെല്ലാം പതിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ റോഡിനരികെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. റോഡിലൂടെ പരന്ന് ഒഴുകിയ മാലിന്യം തോട്ടിലേക്കാണ് ഒലിച്ചിറങ്ങിയത്. നൂറു മീറ്ററോളം പരന്നൊഴുകിയ മാലിന്യത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം വഴിയാത്രക്കാരിൽ ചിലർ ഛർദിക്കുകയും ചെയ്തു.
പ്രദേശത്ത് വൈദ്യുതി വിളക്ക് ഇല്ലാത്തതിനാൽ സന്ധ്യയാകുന്നതോടെ പ്രദേശം ഇരുട്ടിലാണ്. ഇതുമുതലെടുത്താണ് ആളുകൾ മാലിന്യംകൊണ്ടുതള്ളുന്നത്. സ്ഥലത്ത് നിരീക്ഷണക്യാമറയും വൈദ്യുതി വിളക്കും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് നാളുകളായിട്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. മാലിന്യംതള്ളൽ വർധിച്ചതോടെ ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂട്ടമായി പുറത്തിറങ്ങുന്ന തെരുവുനായ്ക്കളെ കാരണം കാൽനടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് ബുദ്ധിമുട്ടുന്നത്.