കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിൽ സിപിഐയുടെ അസ്തിത്വം ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢ നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ് പാർട്ടി തെരഞ്ഞെടുത്ത വാർഡുകളിൽ ഒറ്റയ്ക്കു മത്സരിക്കുന്നതെന്ന് ലോക്കൽ കമ്മിറ്റി.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിൽ സിപിഐയ്ക്ക് മുന്‍പുണ്ടായിരുന്ന നാല് വാർഡുകളിൽ ഒരു വാർഡ് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിൽ വന്നതിനാൽ സീറ്റുകളുടെ എണ്ണം കുറച്ച് ഒരു ജനറൽ സീറ്റിലും രണ്ട് വനിതാസീറ്റിലും മത്സരിക്കാൻ ധാരണയായതാണ്.
എന്നാൽ സിപിഎമ്മിന്റെ പ്രാദേശികഘടകം സിപിഐക്ക് മത്സരിക്കാൻ ഒരു ജനറൽ സീറ്റും വിട്ടുനല്‍കാൻ കഴിയില്ലെന്നും വിജയസാധ്യത ഏറെ കുറവുള്ള മൂന്ന് വനിതാ സംവരണ വാർഡുകൾ നല്കാമെന്നുള്ള ഗൂഢ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണി ബന്ധം തകർന്നത്.
സിപിഐയ്ക്ക് ഒരു ജനറൽ സീറ്റ് വേണമെന്ന ആവശ്യം ന്യായമാണെന്നാണ് ജില്ലാ – സംസ്ഥാന നേതൃത്വത്തിന്റെയും വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് കമ്മറ്റിയിലെ വൈസ് പ്രസിഡന്റായിരുന്ന സിപിഐയിലെ എം.എസ്. പ്രകാശ്കുമാറിന് ഒരു കാരണവശാലും സീറ്റ് നല്കരുതെന്നുള്ള സിപിഎം പ്രാദേശികഘടകത്തിന്റെ തന്ത്രമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. പ്രകാശ്കുമാർ ഉൾപ്പെടെഗ്രാമപഞ്ചായത്തിലെ 2, 4, 6, 11 വാർഡുകളിലാണ് സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നത്. 11-ാം വാർഡിലെ സിപിഎം പ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് ഇവിടെ മാത്രം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
സിപിഐ മത്സരിക്കാത്ത വാർഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫിനെ വിജയിപ്പിക്കാനുള്ള നിലപാ ടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ നേതാക്കള്‍ പറയുന്നു.