പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ സമാപിക്കാനിരിക്കെ വോട്ടുറപ്പിക്കാന്‍ മുന്നണികളുടെ നെട്ടോട്ടം. ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംയുക്ത പര്യടന പരിപാടികൾ ഇന്നു പൂർത്തിയാകും. പരമാവധി സ്വീകരണയോഗങ്ങളിൽ സ്ഥാനാർഥികൾ പങ്കെടുക്കുന്നുണ്ട്.ഇതിനൊപ്പം പ്രവർത്തകർ ഭവനസന്ദർശനം തുടരുകയാണ്. വീടുകളിൽ കയറി വോട്ടുറപ്പിക്കുന്ന അവസാനഘട്ട പ്രചാരണമാണ് പ്രവർത്തകർ നടത്തുന്നത്. സ്ലിപ്പുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
പുതിയ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുണ്ടെന്ന് ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവർ തപാൽ ബാലറ്റിന് അപേക്ഷിച്ചുവെന്ന് ഉറപ്പാക്കുന്നതിലുമാണ് ഇപ്പോഴത്തെ ശ്രദ്ധ. കോവിഡ് ബാധിതരുടെയും ക്വാറന്റൈനീലാകുന്നവരുടെയും എണ്ണത്തിലുണ്ടാകുന്ന വർധനയും പോളിംഗ് ശതമാനം കുറയ്ക്കുമോയെന്ന ആശങ്കയുണ്ട്. സ്പെഷൽ ബാലറ്റ് ഉറപ്പാക്കാനുള്ള ഇടപെടലുകളും സ്ഥാനാർഥികൾ ആരംഭിച്ചു
ആൾക്കൂട്ടങ്ങൾക്കും പ്രകടനങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അനുമതിയില്ല. എന്നാൽ വാർഡുകളിലും ഡിവിഷനുകളിലും ഏതെങ്കിലും കേന്ദ്രത്തിൽ പരിമിതമായ ആളുകളോടൊപ്പം പ്രചാരണം സമാപിക്കാനുള്ള പരിപാടികൾക്കാണ് സ്ഥാനാർഥികൾ ആലോചിക്കുന്നത്. അവസാനഘട്ടത്തിൽ സ്വീകരണ പരിപാടികൾ, യോഗങ്ങൾ എന്നിവയിൽ സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.