പുറമറ്റം: മുണ്ടമല കോട്ടയ്‌ക്കല്‍ പടി പുറമറ്റം റോഡിലെ ഓട നിര്‍മിക്കാതെയുള്ള അശാസ്‌ത്രീയമായ റോഡ് നിര്‍മാണത്തില്‍ മുണ്ടമലയില്‍ പ്രതിഷേധം വ്യാപകമാകുന്നു. തുമ്പിക്കാക്കുഴി ഭാഗത്ത് വര്‍ഷങ്ങളായി റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന വലിയ ഓടകള്‍ നികത്തി സമീപത്തുള്ള സ്വകാര്യ വ്യക്‌തികള്‍ സ്വന്തം ഭൂമിയോടു ചേര്‍ത്തത് മൂലം വെള്ളമൊഴാകുവാന്‍ മാര്‍ഗമില്ലാതെ ചെറിയ മഴ പെയ്‌താല്‍ പോലും റോഡിന്റെ ഭൂരിഭാഗം സ്‌ഥലങ്ങളിലും വെള്ളക്കെട്ടുകളായി മാറുന്നു.
ഓടകള്‍ സ്വകാര്യ വ്യക്‌തികള്‍ കൈയേറിയ കാലം മുതല്‍ നാട്ടുകാര്‍ അറിയിച്ചിട്ടും ഉദ്യോഗസ്‌ഥര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതാണ് ഇന്നത്തെ ദുരവസ്‌ഥയ്‌ക്കു പ്രധാന കാരണം. രണ്ടു മലകളുടെ താഴ്‌വര പ്രദേശമായതുകൊണ്ട് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഭാഗത്തേയ്‌ക്ക് സ്വഭാവികമായും വരുന്ന മലവെള്ളം റോഡിന് കുറുകെയുളള പ്രധാന തോട്ടിലേക്കെത്താതെ റോഡില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്‌ഥയാണിവിടെ. റോഡിന്റെ വശങ്ങളിലെ ഓടകള്‍ പുനര്‍നിര്‍മിച്ച് വെള്ളമൊഴുകി തോട്ടിലേക്ക് പോകാനുള്ള ക്രമീകരണം ചെയ്യുന്നില്ലെങ്കില്‍ റോഡില്‍ ചെയ്യുന്ന ലക്ഷങ്ങള്‍ മുടക്കിയുള്ള അറ്റകുറ്റപ്പണികളെല്ലാം നിഷ്‌ഫലമാകും.
മുണ്ടമല റസിഡന്റ്‌സ് അസോസിയേഷന്റെയും പ്രദേശവാസികളുടെയും വര്‍ഷങ്ങളായുള്ള നിവേദനഫലമായി ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച തുകയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും പുര്‍ണമായ ഓട നിര്‍മാണമോ വെള്ളമൊഴുകാനുള്ള സംവിധാനങ്ങളോ ഒന്നുമല്ല. കരാറുകാരന്റെയും ഉദ്യോഗസ്‌ഥരുടെയും തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘടിച്ചു. കാടുമൂടി കിടക്കുന്ന ഓടയുടെ ഭാഗങ്ങള്‍ നാട്ടുകാര്‍ കാടുതെളിച്ച് ഉദാ്യേഗസ്‌ഥര്‍ക്ക് കാണിച്ചു കൊടുത്തു. അശാസ്‌ത്രീയമായ ഇപ്പോഴത്തെ റോഡു നിര്‍മാണം ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുവാനുള്ള മാര്‍ഗമാണ്. വിജിലന്‍സിന് പരാതി നല്‍കാനാണ് പ്രദേശവാസികളുടെ തീരുമാനം.