മുണ്ടക്കയം : പുഞ്ചവയല്‍ സ്വദേശികളായ സിത്താര, ശ്രീജിത്ത് ദമ്പതിമാര്‍ അടക്കമുള്ളവരെ യാതൊരു പ്രകോപനവും കൂടാതെ പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് ആശുപത്രിയില്‍ ചികിത്സയിലാക്കിയ പത്തനംതിട്ട പോലീസിന്‍റെ നടപടി അങ്ങേയറ്റം ക്രൂരവും കിരാതവുമായ നടപടിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിയായ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കും മറ്റ് പോലീസുകാര്‍ക്കുമെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് നിയമ നടപടിക്ക് വിധേയനാക്കണമെന്നും അടിയന്തിരമായി അന്വേഷണം നടത്തി സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് വിഭാഗത്തില്‍പ്പെട്ട സിതാരയെയും ശ്രീജിത്തിനെയും സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ഇവര്‍ക്ക് തലക്കും തോളെല്ലിനും കൈകള്‍ക്കും ഗുരുതരമായ പരിക്ക് സംഭവിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലാകുകയും ചെയ്തത് എന്ത് പ്രകോപനം മൂലം ആണെന്ന് ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് അധികാരികള്‍ വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ പത്തനംതിട്ട നഗരത്തില്‍ മദ്യ മയക്കുമരുന്ന് സംഘങ്ങള്‍ അഴിഞ്ഞാടുകയും സി.പി.എം ക്രിമിനലുകള്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളായിട്ടും ചെറുവിരല്‍ പോലും അനക്കാത്ത പോലീസ് അടൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ മുണ്ടക്കയം സ്വദേശികള്‍ പത്തനംതിട്ടയില്‍ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയായ സ്ത്രീയെ പത്തനംതിട്ടയില്‍ ഇറക്കി കൂട്ടിക്കൊണ്ടുപോകുന്നതിന് ഭര്‍ത്താവ് വരുന്നതുവരെ കാത്തുനില്‍ക്കുന്ന സമയത്താണ് അബാന്‍ ജംഗ്ഷന് സമീപം റോഡില്‍ നിന്നിരുന്ന സിതാരയും ശ്രീജിത്തും അടക്കമുള്ളവരെ പോലീസ് ഓടിച്ച് ലാത്തിച്ചാര്‍ജ് ചെയ്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ചതെന്നും ഇത് കാട്ടുനീതിയാണെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
കുറ്റവാളിയായ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കും പോലീസുകാര്‍ക്കുമെതിരെ കേസ് എടുക്കുകയും മാതൃകാപരമായ ശിക്ഷാ നടപടി ഉണ്ടാകുകയും ചെയ്യുന്നില്ലെങ്കില്‍ എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള വന്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, എം.എസ്. പ്രകാശ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചഢന്‍, അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, ജോമോന്‍ പുതുപറമ്പില്‍, ടൈറ്റസ് തോമസ്, അന്‍സര്‍ മുഹമ്മദ്, അലന്‍ ജിയോ മൈക്കിള്‍, പി.കെ. ഗോപി, ബിനു മൈലപ്ര, ആനി സജി, ജോസ് കൊടുന്തറ, റജി വാര്യാപുരം, ബെന്നി കുഴിക്കാല, സജു ജോര്‍ജ്, ജോമി വര്‍ഗ്ഗീസ്, ഹനീഫ താന്നിമൂട്ടില്‍, അഷറഫ് അപ്പാക്കുട്ടി, അബ്ദുള്‍ ഷുക്കൂര്‍, ടെറിന്‍ ജോര്‍ജ്, അഖില്‍ സന്തോഷ്, അനില്‍ മാത്യു എന്‍.സി. സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.