റാന്നി: റാന്നി കോളജ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ടൗണിൽ നിന്ന് വടശ്ശേരിക്കര, പെരുനാട്, അത്തിക്കയം തുടങ്ങിയ സമീപ പഞ്ചായത്തുകളിലേക്കും മോതിരവയൽ, വലിയകുളം, അടിച്ചിപ്പുഴ തുടങ്ങി വിവിധ സ്ഥലങ്ങിലേക്കും ബസ് സർവിസ് അടക്കം പോകുന്ന റോഡിലാണ് ഇത്തരത്തിൽ ഗതാഗതക്കുരുക്ക്.
ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡിൻെറ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിനു പ്രധാന കാരണം. ചില ദിവസങ്ങളിൽ രോഗികളുമായി വരുന്ന ആംബുലൻസിന് പോലും കടന്നുപോകുവാൻ കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്.
ജണ്ടായിക്കൽ ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ എല്ലാ സമയങ്ങളിലും ടോറസ് ലോറികൾ വരുന്നതാണ് മറ്റൊരു കാരണം. റോഡിൻെറ വശങ്ങളിൽ ചെറുതും വലുതുമായ വാഹനങ്ങൾ പാർക്കു ചെയ്തുകഴിഞ്ഞാൽ ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ കടന്നുപോകാനാകില്ല. ഇരുവശങ്ങളിലും പാർക്കുചെയ്തിരിക്കുന്ന വാഹനത്തിൻെറ ഉടമകൾ വന്ന് മാറ്റുന്നതുവരെ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. പോലീസിൻ്റെയും മറ്റ് അധികൃതരുടെയും മുൻപിൽ സംഭവം അറിയിച്ചെങ്കിലും ഇതിനെതിരെ ഫലവത്തായ നടപടികൾ ഒന്നും കൈ കൊണ്ടിട്ടില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം.