റാന്നി: നാമനിർദേശ പത്രിക പിൻവലിക്കാൻ അവസാന ദിവസം കഴിഞ്ഞിട്ടും ജില്ല പഞ്ചായത്തിൽ റാന്നിയിലെ യു.ഡി.എഫ് റിബല്‍ സ്ഥാനാർഥി തോമസ് മാത്യു (ബെന്നി പുത്തൻപറമ്പിൽ) സ്ഥാനാർഥിത്വം പിൻവലിച്ചില്ല. നേതൃത്വം അവഗണിച്ചതിനെത്തുടർന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജില്ല പഞ്ചായത്ത് റാന്നി ഡിവിഷനിൽ നോമിനേഷൻ കൊടുക്കുകയായിരുന്നു.
നിലവിൽ ജോസഫ് ഗ്രൂപ്പിലെ എബിൻ തോമസാണ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇത് റാന്നിയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷത്തിന് കാരണമായി. ബെന്നി പുത്തൻപറമ്പിലിൻെറയും ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജിൻെറയും മണിയാർ രാധാകൃഷ്ണൻെറയും പേരാണ് റാന്നി ഡിവിഷനിലേക്ക് ഉയർന്നുവന്നിരുന്നത്. അതേസമയം, ബെന്നി പുത്തൻപറമ്പിൽ 2010ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായശേഷം രണ്ടര വർഷം കഴിഞ്ഞ് ഒഴിയണമെന്ന ധാരണ പാലിക്കാൻ വൈമനസ്യം കാണിച്ചത് ജില്ലാ നേതൃത്വത്തിൻെറ കണ്ണിലെ കരടായി മാറാൻ ഇടയാക്കിയിരുന്നു. പിന്നീട്, കടുത്ത സമ്മർദത്തെ തുടർന്നാണ് മൂന്നുവർഷം കഴിഞ്ഞ് രാജി വെച്ചത്. അവസരം മുതലാക്കി മാണിവിഭാഗത്തിലെ സൂസൻ അലക്സിനെ അടർത്തി എടുത്ത് എൽ.ഡി.എഫ് ഭരണം തട്ടിയെടുത്തത് ബെന്നിയോടുള്ള നേതൃത്വത്തിൻെറ എതിർപ്പിന് ആക്കംകൂട്ടി.