റാന്നി: ഗ്രാമപഞ്ചായത്തിൻെറ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടുന്നത് പകർച്ചവ്യാധി ഭീതി പരത്തുന്നു. മാലിന്യസംസ്കരണ പ്ലാൻറില്ലാത്തതുകാരണം ടൗണിൻെറ പലഭാഗത്തും മാലിന്യങ്ങൾ ചിതറി കിടക്കുകയാണ്.
മാലിന്യസംസ്കരണ പ്ലാൻറിനുവേണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം പഞ്ചായത്തിൻെറ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന് ഷെഡ് നിർമിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ ഫലപ്രദമായ ബദൽ മാർഗങ്ങൾ സ്വീകരിക്കാത്തതാണ് മാലിന്യം കുമിഞ്ഞുകൂടാൻ പ്രധാന കാരണം. പെരുമ്പുഴ ബസ് സ്റ്റാൻഡിലെ പഞ്ചായത്തുവക ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിൻെറ പിന്നിലായി ഇടനാഴിയിൽ വലിയ തോതിലാണ് മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുന്നത്.
ഈ കോംപ്ലക്സ് കെട്ടിടത്തിലാണ് ഗവ. ഐ.ടി.ഐ അടക്കം നിരവധി സ്ഥാപനങ്ങളും കടകളും പ്രവർത്തിക്കുന്നത്. മഴ പെയ്തുകഴിഞ്ഞാൽ ജൈവ, അജൈവ മാലിന്യങ്ങൾ ചീഞ്ഞ് ദുർഗന്ധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. ടൗണിലെ അടക്കം പഞ്ചായത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ പഞ്ചായത്തിൽ ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നിെല്ലന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, പഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്വകാര്യ ഏജൻസിയെ ഏൽപിക്കുന്നുണ്ടന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.