പത്തനംതിട്ട: കഞ്ചാവ് വില്പന എക്സൈസ് സംഘത്തിനു ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് യുവതിയെ ആക്രമിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ആനപ്പാറ സ്വദേശിയായ ഷാജഹാനെ പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഷാജഹാനെതിരെ യുവതി പോലീസിൽ നൽകിയ മൊഴി പ്രകാരമാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു പുറകിലുള്ള റോഡിൽ കൂടി നടന്നുവരുമ്പോൾ യുവതിയെ ആക്രമിച്ചുവെന്നാണ് പരാതി. കഞ്ചാവ് വില്പനക്കെതിരെ തിരുവോണ നാൾ എക്സൈസ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ ഒറ്റയാൻ സത്യാഗ്രഹം നടത്തിയതിന്റെ പേരിൽ കേരള ജനവേദി പ്രസിഡന്റ് റഷീദ് ആനപ്പാറയെ ഭീഷണിപ്പെടുത്തിയതിനും ഷാജഹാനെതിരെ പോലീസ് കേസെടുത്തിരുന്നു. ആ കേസിലും ഷാജഹാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.