പത്തനംതിട്ട : റേഷന്‍ കടകളിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ നടക്കുന്ന ശ്രമങ്ങൾ വിജയിക്കാതെ വന്നതോടെ വിതരണക്കാരും കാര്‍ഡ് ഉടമകളും തമ്മിലുള്ള തര്‍ക്കം പതിവാകുന്നു.
ഇന്റര്‍നെറ്റ് സഹായത്തോടെ ഇ-പോസ് മെഷിന്‍ ഉപയോഗിച്ചാണ് കടകളില്‍ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുന്നതും പിന്നീട് വിരലടയാളം പതിച്ചു സാധനങ്ങള്‍ നല്‍കുന്നതും. എന്നാല്‍ വിതരണം ആരംഭിച്ചതു മുതൽ ഉണ്ടായ നെറ്റ്‌വര്‍ക്ക് തകരാര്‍ ഇനിയും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പുറമെ ഇന്നലെ സെര്‍വറും കേടായി. ഇതോടെ വിതരണം പലയിടത്തും നിലച്ചു. ബി.എസ്.എന്‍.എല്‍, ഐഡിയ കണക്ഷനുകളാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. രണ്ടിനും ശേഷി കുറവുള്ള മേഖലകളാണ് ജില്ലയിലുള്ളത്. ഇതിനു പുറമേയാണ് ലൈനില്‍ ഇപ്പോഴത്തെ തിരക്ക്. ഇതോടെ റേഷന്‍ വിതരണം അവതാളത്തിലായിരിക്കുകയാണ്.
കോവിഡ് 19 മൂലം സ്‌കാനറില്‍ വിരല്‍ പതിക്കേണ്ട എന്ന ഉത്തരവ് അടുത്തിടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നീട് വീണ്ടും ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തി. പകരം മൊബൈല്‍ ഫോണില്‍ വരുന്ന ഒ.ടി.പി നല്‍കി റേഷന്‍ വാങ്ങാം എന്ന നിര്‍ദ്ദേശം ഉണ്ടായി. എന്നാല്‍ കടകളില്‍ നിന്നും സെര്‍വറിലേക്ക് സന്ദേശം അയക്കാനോ ഒ.ടി.പി ലഭിക്കാനോ നിലവിലെ സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടാണ്. ഇതോടെ വ്യാപാരികളും കാർഡുമകളും തമ്മില്‍ വഴക്ക് പതിവായിരിക്കുകയാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശം അറിയാതെ ഫോണ്‍ എടുക്കാതെ കടയില്‍ എത്തുന്നവര്‍ കൂടി ആകുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ്. ഇതോടെയാണ് കാര്‍ഡിലെ വിവരങ്ങള്‍ ബുക്കില്‍ രേഖപ്പെടുത്തി റേഷന്‍ സാധനങ്ങള്‍ നൽകാന്‍ വാക്കാല്‍ നിര്‍ദ്ദേശം വന്നിട്ടുള്ളത്. ഇത് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇരു കൂട്ടരും പറയുന്നു. ഇത് മൂലം കടകളില്‍ തിരക്ക് ഏറുമ്പോള്‍ സാമൂഹിക അകലം പാലിക്കാനും മറ്റും ബുദ്ധിമുട്ടാണ്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്‌ഥര്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്കയിടത്തും വന്നില്ല. സാങ്കേതിക തകരാര്‍ നീക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നാണ് വിതരണക്കാരും കാർഡുടമകളും വ്യക്തമാക്കുന്നത്. കാലോചിതമായ അടിയന്തര നടപടി വേണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.