പത്തനംതിട്ട : കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റാന്നിയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച റബർ പാർക്ക് റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് പോകും. ജില്ലയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന താലൂക്കാണ് റാന്നി. റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർക്ക് സ്ഥാപിക്കാൻ പദ്ധതിയിട്ടത്. വ്യവസായ മന്ത്രിയായിരുന്ന എളമരം കരിം ഇതിനായി റാന്നിയിൽ വിവിധ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. വെള്ളം, വെളിച്ചം, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ പാർക്കിൽ പങ്കാളിത്തം വഹിക്കാമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഉറപ്പു നൽകിയിരുന്നു. തുടർ നടപടികൾ സ്വീകരിക്കാനുള്ള ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് നൽകിയത്.
പാർക്കിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. വടശേരിക്കര, ചേത്തയ്ക്കൽ, ളാഹ, പുതുക്കട എന്നിവിടങ്ങളിലെ റബർ തോട്ടങ്ങൾ ബന്ധപ്പെട്ടവർ പരിശോധിച്ചിരുന്നു. പുതുക്കട–ചിറ്റാർ റോഡിനോടു ചേർന്ന റബർ തോട്ടം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. ഇവിടെ 250 ഏക്കർ ഏറ്റെടുക്കാനാണ് നീക്കം നടത്തിയത്. തുടർ നടപടികൾ ഉണ്ടായില്ല.
പാർക്ക് യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായപ്പോൾ കെഎസ്ഐഡിസിയുടെ ചുമതലയിൽ വസ്ത്ര നിർമാണ യൂണിറ്റ് ആരംഭിക്കാൻ നീക്കം നടന്നിരുന്നു. ഉതിമൂട് വലിയകലുങ്കിൽ തരിശായി കിടക്കുന്ന പിഐപിയുടെ സ്ഥലത്തിൽ 2 ഏക്കർ ഏറ്റെടുത്ത് യൂണിറ്റ് സ്ഥാപിക്കാനായിരുന്നു പദ്ധതി. കെട്ടിടത്തിന്റെ രൂപരേഖ വരെ തയാറാക്കിയതാണ്. ശിലാസ്ഥാപനത്തിന് തീയതി നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെയ്ക്കുകയായിരുന്നു. 10 വർഷത്തിനിടെ അതിനും തുടർനടപടി ഉണ്ടായില്ല.