തിരുവല്ല : താലൂക്ക് ആശുപത്രിയിൽ ഉയർന്ന ശേഷിയുളള മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുമായി പത്തനംതിട്ട ശുചിത്വ മിഷൻ. ജില്ലാ ശുചിത്വ മിഷൻ പദ്ധതിക്ക് സാങ്കേതിക സഹായവും നൽകും. ദിനംപ്രതി 225 കിലോ ലിറ്റർ ശുദ്ധീകരണ ശേഷിയുളള മലിനജല ശുദ്ധീകരണ പ്ലാൻ്റ് ആണ് താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ബിഡ് ടെൻഡർ ഡോക്യുമെൻ്റ് ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിൽ ജില്ലാ ശുചിത്വ മിഷൻ ടെക്ക്നിക്കൽ കൺസൾട്ടൻ്റ് അരുൺ വേണുഗോപാൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തിരുവല്ല നഗരസഭയുമായി ജില്ലാ ശുചിത്വ മിഷൻ സംഘം ചർച്ച നടത്തിയിരുന്നു.
ബിൽറ്റ്, ഓപ്പറേഷൻ & ട്രാൻസ്‌ഫർ അഥവാ ബിഒടി മാതൃകയിലുള്ള ടെൻഡർ ഡോക്യുമെൻ്റ് ആണ് ശുചിത്വ മിഷൻ സാങ്കേതിക വിഭാഗം തയ്യാറാക്കിയത്. പദ്ധതിക്ക് 2.25 കോടി രൂപ ചെലവ് വരുമെന്ന് ജില്ലാ ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് അരുൺ വേണുഗോപാൽ അറിയിച്ചു. മൂവിംഗ് ബെഡ് ബയോ റിയാക്ടർ അഥവാ എംബിബിആർ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മലിനജല ശുദ്ധീകരണ പദ്ധതി വിജയകരമായി പൂർത്തികരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശുചിത്വ മിഷൻ. തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോർജ്ജിൻ്റെ അധ്യക്ഷതയിൽ ടെൻഡർ ഡോക്യുമെൻ്റ് അവതരണ യോഗം ചേർന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ വിനു, നഗരസഭ എൻജിനിയർ ഷീജാ ബി റാണി, അസിസ്റ്റൻ്റ് എൻജിനിയർ അനുപമ പി ആർ, ക്ലീൻ സിറ്റി മാനേജർ ബിജു ബി പി എന്നിവരും യോഗ നടപടികളിൽ സന്നിഹിതരായിരുന്നു.