അമരാവതി: സർക്കാർ സേവനങ്ങൾ വാട്സാപ്പിലൂടെ ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാ സർക്കാർ. ജനങ്ങൾ പല ആവശ്യങ്ങൾക്കുമായി സർക്കാർ സ്ഥാപനങ്ങളിൽ നിരന്തരം കയറി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ജനുവരി അവസാനത്തോടെ ജനങ്ങളിലേക്ക് ഈ സംവിധാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംക്രാന്തി പരിപാടിയുടെ ഉദ്ഘാടനത്തിനിടെ പറഞ്ഞു. വാട്സാപ്പ് വഴി ജനങ്ങൾക്ക് ബില്ലുകളും അടക്കാൻ സാധിക്കും. ഇ-ഗവർണൻസ് സംവിധാനം വഴി 150 ഓളം തരം സേവനങ്ങളാണ് ഇതുവഴി ലഭ്യമാക്കുക. ജനന-മരണ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങി നിരവധി സേവനങ്ങളും കൂടാതെ ബില്ലുകൾ അടക്കുവാനുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദയാത്രക്കിടെ ലഭിച്ച പ്രതികരണത്തിൽനിന്നുമാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്ന് മുതിർന്ന ടി ഡി പി നേതാവ് പറഞ്ഞു. സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ പരാതി ഉന്നയിച്ചിരുന്നു. വീട്ടുസാധനങ്ങൾ ഉൾപ്പടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഇന്ന് ഫോൺ വഴി ലഭിക്കും. സർക്കാർ സേവനങ്ങൾക്കും ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചതിനൊടുവിലാണ് പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്. റിയൽ ടൈം ഗവർണൻസ് സൊസൈറ്റി പദ്ധതിയെ വിലയിരുത്തും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വാട്സാപ്പിന്റെ പാരന്റ് കമ്പനിയായ മെറ്റയുമായി ആന്ധ്രാ പ്രദേശ് സർക്കാർ 2024 നവംബറിന് കരാർ വെച്ചിരുന്നു. ഈ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ജനങ്ങൾ 9013151515 എന്ന സർക്കാർ ഹെൽപ് ലൈൻ നമ്പർ ഫോണിൽ സേവ് ചെയ്തുവെന്ന് ഉറപ്പാക്കണം. ആദ്യം തെനാലിൽ ആകും സേവനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് സംസ്ഥാനം മുഴുവൻ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ആന്ധ്ര സർക്കാർ പറയുന്നത്.