പത്തനംതിട്ട : നഗരസഭയിൽ എൽഡിഎഫ് ഭരണസമിതി അധികാരത്തിലെത്തി ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ ആധുനിക ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് ചെയര്‍മാന്‍ അഡ്വ. സാക്കിര്‍ ഹുസൈന്‍ തീരുമാനമെടുത്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ കൌണ്‍സില്‍ യോഗം രണ്ടുമണിക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. തുടര്‍ന്ന് മൂന്നു മണിക്ക് വീണ്ടും കൂടി തീരുമാനമെടുക്കുകയായിരുന്നു. നഗരസഭയുടെ തീരുമാനം ആയ സ്ഥിതിക്ക് ഇനി കിഫ്‌ബിയുടെ ധനാനുമതി കൂടിയായാൽ ജില്ലാ ആസ്ഥാനത്ത് അത്യാധുനിക സ്‌റ്റേഡിയമെന്ന സ്വപ്‌നം പൂവണിയുമെന്നാണ് പ്രതീക്ഷ.
ഇതിലും പ്രാധാന്യമുള്ള വിഷയങ്ങളുണ്ടെന്നു മുട്ടാപ്പോക്ക് പറഞ്ഞാണ് സ്‌റ്റേഡിയത്തിൻമേലുള്ള ചർച്ചകളിൽ പ്രതിപക്ഷം അമർഷം കാട്ടിയത്. കൗൺസിലിന്റെ ഒന്നാമത്തെ വിഷയം ജില്ലാ സ്റ്റേഡിയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിക്കുന്നതിനുള്ള എംഒയു അംഗീകരിക്കൽ ആയിരുന്നു. വിഷയം ചർച്ചക്ക് എടുക്കുംമുമ്പ് സീറോ അവറിൽ യുഡിഎഫ് ഇതിനേക്കാൾ അടിയന്തിര പ്രാധാന്യമുള്ള മറ്റുവിഷയങ്ങൾ ഉള്ളതിനാൽ അത് ചർച്ചക്കെടുക്കണമെന്ന് പറഞ്ഞു.
എല്ലാം പ്രാധാന്യമുള്ള വിഷയങ്ങളാണെന്നും തുടർന്ന് ചർച്ച ചെയ്യാമെന്നും ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ധാരണാപത്രം അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട നിയമപരമാണോയെന്നായി മുന്‍ ചെയര്‍മാന്‍ സുരേഷ്‌കുമാർ. മുൻ കൗൺസിൽ എടുത്ത തീരുമാനം മാറ്റുന്നത് നിയമപരമായി ചോദ്യം ചെയ്യുമെന്നും പറഞ്ഞു. കൗൺസിലിലെ പുതുമുഖങ്ങൾക്ക് സ്‌റ്റേഡിയം നിർമാണത്തെക്കുറിച്ച് അറിവില്ലെന്നും അജണ്ട മാറ്റിവക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ധാരണാപത്രം ഒപ്പിടുന്നത് സംബന്ധിച്ച വിഷയം പഠിക്കാൻ ഇനി സമയമെടുക്കാനാവില്ലെന്ന് ചെയർമാൻ പറഞ്ഞു. ഇത് എല്ലാവർക്കും അറിവുള്ളതാണ്. 2016 മുതൽ ചർച്ച ചെയ്യുന്നതാണ്. സ്റ്റേഡിയത്തിൻമേൽ നഗരസഭയുടെ ഉടമസ്ഥത ഒരിക്കലും നഷ്ടമാകില്ല. എംഒയുവിൽ തന്നെ ഇത് വ്യക്തമാണ്. ഇപ്പോൾ അജണ്ട മാറ്റിവെക്കാനാണ് പ്രതിപക്ഷശ്രമം. കിഫ്ബിയുടെ അവസാന യോഗം 11 ,12,13 തീയതികളിൽ നടക്കുകയാണ്. ഇതിന് മുമ്പായി ധാരണാപത്രം അംഗീകരിച്ച് തീരുമാനം അറിയിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നും ചെയർമാൻ പറഞ്ഞു.
ഉച്ചക്ക് ശേഷം ചർച്ച തുടർന്നു. സ്‌റ്റേഡിയം വിഷയം വോട്ടിനിടണമെന്ന ആവശ്യത്തെ തുടർന്ന് പ്രതികൂലിക്കുന്നവർ കൈ ഉയർത്താൻ ചെയർമാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തുനിന്ന് ഒരു കൈ പോലും ഉയർന്നില്ല. ഇതോടെ അജണ്ട പാസായി. യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോവുകയും ചെയ്‌തു.
വീണാ ജോർജ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭാ മത്സ്യമാർക്കറ്റ് നവീകരിക്കാനും എൻഎച്ച്‌എം ആശുപത്രി കെട്ടിടത്തിന്റെ കരാർ പുതുക്കി നൽകാനും ആദ്യ കൗൺസിലിൽ തീരുമാനമായി.