പത്തനംതിട്ട : ജില്ലയിയിൽ പച്ചക്കറികൾക്ക് പൊള്ളുന്നവില. സവാളക്ക് വിലകൂടി. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിൽ പ്രധാനമായും പച്ചക്കറി എത്തുന്നത്.
എന്നാൽ, ഇവിടങ്ങളിൽനിന്ന് പച്ചക്കറി വരവ് കുറഞ്ഞതോടെ വിലയും വർധിച്ചു. കോവിഡിനെ തുടർന്ന് പച്ചക്കറി കൃഷി മിക്കയിടത്തും കുറഞ്ഞു. കൃഷി പണിക്കും വിളവെടുക്കാനും ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതിനൊപ്പം കനത്ത മഴയും കാറ്റും പച്ചക്കറി നാശത്തിന് കാരണമായി. ഇതൊക്കെയാണ് പച്ചക്കറി വരവ് കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു. ഒരുമാസത്തിനിടെ മിക്ക പച്ചക്കറികൾക്കും 20-40 രൂപ വരെ വർധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഓട്ടൻ ഛത്രം, കോയമ്പത്തൂർ, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്ന് കർണാടകയിലെ ഹുസൂർ, ബന്ദിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.
കോവിഡ് കാരണം ഇവിടങ്ങളിൽ ജോലിക്ക് തൊഴിലാളികളെ കിട്ടാനില്ല. കൃഷിചെയ്ത സ്ഥലങ്ങളിൽ വിളവെടുക്കാൻ പോലും ജോലിക്കാരെ കിട്ടാത്ത സ്ഥിതിയാണ്. ഓണക്കാലത്ത് 25 രൂപക്ക് കിട്ടിയ സവാളയുടെ വില 55 രൂപ വരെയെത്തി. പച്ചക്കറി കിറ്റുകൾ പല വ്യാപാരികളും നൽകാറില്ല.