പത്തനംതിട്ട : കാടുകയറിക്കിടന്നിരുന്ന നഗരവീഥിയിലെ റോഡുകള്‍ മുഖം മിനുക്കിത്തുടങ്ങിയതോടെ പത്തനംതിട്ട നഗരം കൂടുതല്‍ സുന്ദരിയാവുകയാണ്. 6.5 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നഗരത്തില്‍ നടപ്പാക്കുന്നത്. റോഡ് നവീകരണത്തിനൊപ്പം നഗരത്തിലെ നടപ്പാതകളും ഇരിപ്പിടങ്ങളും പാര്‍ക്കുകളും തണല്‍ മരങ്ങളുമെല്ലാം ഉള്‍പ്പെടുന്ന നഗര സൗന്ദര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിമറിയും. മുത്തൂറ്റ് ആശുപത്രി ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ വരെയുള്ള റിംഗ് റോഡ് വശങ്ങളാണ് സൗന്ദര്യവത്കരണത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. നടപ്പാതകള്‍ ടൈലുകള്‍ പാകി മനോഹരമാക്കിയതിനൊപ്പം പുല്ലുകളും വെച്ചുപിടിപ്പിച്ചു.
തണല്‍ മരങ്ങളുടെ ചുറ്റിലും ഇരിപ്പിടങ്ങള്‍ ഒരുക്കുന്ന ജോലികളും റോഡരികില്‍ ബെഞ്ചുകള്‍ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു. ചെറിയ പാര്‍ക്കുകളും വിശ്രമകേന്ദ്രങ്ങളും ക്രമീകരിക്കുന്നതോടെ നഗരത്തിലെ തിരക്കില്‍ നിന്നും മാറി ആളുകള്‍ക്ക് സമയം ചെലവഴിക്കുവാനും വിശ്രമിക്കുവാനും ഇടമൊരുങ്ങും. ജില്ല സ്റ്റേഡിയത്തിന് സമീപമാണ് പദ്ധതിയുടെ ഭംഗി ഏറെ പ്രകടമാകുന്നത്. സ്റ്റേഡിയത്തിന്റെ വലതുഭാഗത്ത് മനോഹരമായ നടപ്പാതയും ഇടതുഭാഗത്ത് ഇരിപ്പിടവുമാണ് ഒരുക്കുന്നത്. റോഡില്‍ കൈവരികള്‍ കൂടി സ്ഥാപിക്കുന്നതോടെ കാല്‍നടയാത്ര കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം.
നഗരത്തിലെത്തുന്നവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി നേരെ തിരക്കിലേക്കാണ് കടന്നുചെല്ലുക. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് ഇത്തരമൊരാശയം നടപ്പാക്കുന്നത്. മതിയായ വിശ്രമ കേന്ദ്രങ്ങള്‍ ഇല്ലാത്തത് പത്തനംതിട്ട നഗരത്തിന്റെ വലിയ പോരായ്മകളിലൊന്നായിരുന്നു. ഈ കുറവ് പരിഹരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റിംഗ് റോഡിന്റെ സൗന്ദര്യവും കാല്‍നടയാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് വഴിയോരക്കച്ചവടത്തിന് വിലക്കേര്‍പ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് പുതിയ സ്ഥലം ഒരുക്കി നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
വൃത്തിയുള്ള നടപ്പാതകളും റോഡുകളുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരത്തിലെ റിംഗ് റോഡ് സൗന്ദര്യവത്കരണമെന്ന ആശയം നഗരാസൂത്രണ രേഖകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട നഗര വികസനത്തിന്റെ ചിത്രം റിംഗ് റോഡില്‍ മാത്രം ഒതുങ്ങുന്നതല്ല. തിരുവല്ല – കുമ്പഴ റോഡും നവീകരണത്തിലൂടെ കടന്നുപോവുകയാണ്. വള്ളംകുളം മുതല്‍ മാരാമണ്‍ വരെയുള്ള റോഡിന്റെ രണ്ടാംഘട്ട നവീകരണത്തിന് 7.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വ്യാപാരികള്‍ക്കും ഏറെ ഗുണകരണമാകുമെന്നാണ് പ്രതീക്ഷ.


































