തിരുവനന്തപുരം : ആംബുലന്‍സില്‍ പോകുന്നതിനിടെ ഡ്രൈവര്‍ക്കുനേരെ രോഗിയുടെ ആക്രമണം. രോഗിയുടെ പെട്ടന്നുള്ള പെരുമാറ്റത്തില്‍ ഞെട്ടിയ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും ആംബുലന്‍സ് മറിഞ്ഞ് പരിക്കേല്‍ക്കുകയും ചെയ്തു. ആംബുലന്‍സ് ഡ്രൈവര്‍ അമലിനാണ് അപകടത്തില്‍ പരിക്കേറ്റത്. കാട്ടാക്കട ചീനിവിള അണപ്പാടാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചതാണ് അപകടത്തിന് കാരണമായത്. കാലിന് പരിക്കേറ്റ് കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവാണ് ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് കയറിപ്പിടിച്ചത്.
ചികിത്സ നേടിയ ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാനാണ് യുവാവ് ആംബുലന്‍സ് സഹായം തേടിയത്. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവാവ് അണപ്പാട് എത്തിയതോടെ അക്രമാസക്തനാവുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തിന്‍ ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ യുവാവിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചികിത്സ തേടിയെത്തിയ സമയത്ത് ആശുപത്രിയില്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ യുവാവിനെ ആശുപത്രിയില്‍ വിട്ട് മടങ്ങുകയായിരുന്നു.