കോട്ടയം : പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ക്രമീകരണം ഏർപ്പെടുത്താൻ ജില്ല പോലീസ് ചീഫുമാർക്ക് ആഭ്യന്തര വകുപ്പിന്റെ കർശന നിർദേശം. മുന്നറിയിപ്പില്ലാതെ അന്തർസംസ്ഥാന തൊഴിലാളികൾ പായിപ്പാട് പ്രതിഷേധവുമായി രംഗത്ത് വന്നതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അതിനാൽ രാത്രി പരിശോധന അടക്കം സുരക്ഷ ക്രമീകരണം ഊർജിതമാക്കണമെന്നുമാണ് നിർദേശം. പായിപ്പാട് സംഭവം മുൻകൂട്ടി അറിയാൻ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു കഴിഞ്ഞില്ല. ഇത് സുരക്ഷ വീഴ്ചയാണെന്ന കുറ്റപ്പെടുത്തലും പോലീസ് തലപ്പത്തുണ്ട്. പായിപ്പാട് മാത്രം 14000 ത്തോളം അന്തർസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
ഇതിന്റെ ഇരട്ടി തൊഴിലാളികൾ മറ്റ് ചില ജില്ലകളിലുമുണ്ട്. സംസ്ഥാനത്തുള്ള അന്തർസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ല. ഇവർ അടുത്തിടെ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കണക്ക് ശേഖരണം ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. തൊഴിൽ വകുപ്പിന്റെ പക്കലും കൃത്യമായ കണക്കില്ല. പായിപ്പാട് മോഡൽ പ്രതിഷേധവും സമാനസമരങ്ങളും ഇനിയും ഉണ്ടായേക്കാമെന്ന നിഗമനത്തിലാണ് പോലീസ് അതുകൊണ്ടുതന്നെ മറ്റ് ജില്ലകളിലും സുരക്ഷ വർധിപ്പിക്കണമെന്നാണ് നിർദേശം.
പായിപ്പാട് തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ഡൽഹിയിൽ നിന്ന് വന്ന സന്ദേശത്തെ തുടർന്നാണ്. അതുകൊണ്ടുതന്നെ ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ഉറച്ച നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇതുസംബന്ധിച്ച് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഫലത്തിൽ പായിപ്പാട് പ്രതിഷേധം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ രോഗപ്രതിരോധ യജ്ഞത്തെപ്പോലും അട്ടിമറിച്ചെന്നും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം സമരങ്ങൾ അംഗീകരിക്കാൻ പാടില്ല.
കേരളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന സന്ദേശം വന്നത് ഡൽഹിയില്‍ നിന്നാണെന്നും രണ്ടു ദിവസത്തിനുശേഷം സംസ്ഥാനത്ത് ഭക്ഷണംപോലും കിട്ടില്ലെന്നാണ് സന്ദേശത്തില്‍ പറഞ്ഞതെന്നും അറസ്റ്റിലായ അന്തർസംസ്ഥാന തൊഴിലാളി പോലീസിനോട് പറഞ്ഞിട്ടുണ്ട്. തൊഴിലാളികളെ പ്രേരിപ്പിച്ചത് ആരാണെന്ന് നന്നായി അറിയാമെന്നും മറ്റ് കാര്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഭാഗമായി കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.