ന്യൂഡല്‍ഹി : അമേരിക്കയില്‍ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 700 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിലവില്‍ സെന്‍സെക്സില്‍ 71,200 പോയിന്റില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്. അതിനിടെ ആര്‍ബിഐയുടെ നടപടിക്ക് വിധേയമായ പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഓഹരിവില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പണപ്പെരുപ്പനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയതായുള്ള ഡേറ്റ പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഇന്നലെ വലിയ ഇടിവാണ് നേരിട്ടത്. ഇന്ന് രാവിലെ ഏഷ്യന്‍ വിപണിയെ ഇത് സ്വാധീനിച്ചു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റം വരുത്തുമോ എന്ന ആശങ്കയാണ് വിപണികളെ പ്രധാനമായി ബാധിച്ചത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ആര്‍ബിഐ നടപടിയെ തുടര്‍ന്ന് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 ശതമാനം കൂടി ഇടിഞ്ഞതോടെയാണ് പേടിഎം ഓഹരിവില 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. നിലവില്‍ 350 രൂപയില്‍ താഴെയാണ് പേടിഎം ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 2023 ഒക്ടോബറില്‍ പേടിഎം ഓഹരി വില 998.3 ആയി ഉയര്‍ന്ന് റെക്കോഡ് ഇട്ടിരുന്നു. നിലവില്‍ 65.5 ശതമാനത്തിന്റെ ഇടിവാണ് പേടിഎം നേരിട്ടത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ തടഞ്ഞു കൊണ്ടുള്ള ആര്‍ബിഐ ഉത്തരവാണ് ഓഹരിവിലയില്‍ പ്രതിഫലിച്ചത്.