കണ്ണൂർ : പഴനിയിൽ തലശ്ശേരി സ്വദേശിനി പീഡനത്തിനിരയായ കേസിൽ തമിഴ്‌നാട് പോലീസ് അന്വേഷണം തുടങ്ങി. പീഡനം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. തലശ്ശേരി പോലീസുമായി സഹകരിച്ചാണ് തമിഴ്‌നാട് പോലീസിന്റെ അന്വേഷണം. യുവതിയുടെയും ഭർത്താവിന്റെയും മൊഴിയും ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വിവരങ്ങളും തലശ്ശേരി പോലീസിൽ നിന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തമിഴ്‌നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയുമായി യുവതിയും ഭർത്താവും സമീപിച്ചപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഡിജിപി തലത്തിൽ ഇടപെടലുണ്ടായതോടെയാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജൂൺ പത്തൊൻപതിനാണ് സംഭവം നടന്നത്. പഴനിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടിൽ എത്തിയ ശേഷമാണ് ചികിത്സ തേടിയത്.