കോട്ടയം: നിയമസഭയില്‍ കെ.കെ.രമയ്ക്കെതിരെ എം.എം. മണി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പി.സി.ജോര്‍ജ് രംഗത്ത്. എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍? എന്നാണ് ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍…?ടി.പി. വധത്തോട് അനുബന്ധിച്ച് കേരളത്തില്‍ നടന്ന കോലാഹലങ്ങളെ വഴിതിരിച്ചുവിടാന്‍ അന്ന് ഞങ്ങള്‍ വെട്ടി കൊന്നിട്ടുണ്ട്, വെടിവെച്ചു കൊന്നിട്ടുണ്ട്, ബോംബ് എറിഞ്ഞ് കൊന്നിട്ടുണ്ട് എന്ന് വിവാദ പ്രസ്താവന നടത്തി കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിട്ട വ്യക്തിയാണ് താങ്കള്‍.
ജീവിത പോരാട്ടങ്ങളുടെ കനല് ചൂടില്‍ നിന്നും ഉദിച്ചുയര്‍ന്ന് കേരള നിയമസഭയിലെത്തിയ ആ സ്ത്രീ സീതാദേവിക്ക് തുല്യയാണ്. അവരുടെ മുഖത്തുനോക്കി വിധവ എന്ന് വിളിക്കാന്‍. അതിന് കാരണക്കാരായ നിങ്ങള്‍ തന്നെ അത് വിളിക്കുമ്പോള്‍ എനിക്ക് ഒന്നേ ചോദിക്കാന്‍ കഴിയുന്നുള്ളൂ നിങ്ങള്‍ക്ക് ഇത് എങ്ങനെ കഴിയുന്നു ?
സ്ത്രീ ശാക്തീകരണം എന്നും സ്ത്രീ സമത്വം എന്നും പറഞ്ഞ് സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നു എന്ന് പ്രതീതി സൃഷ്ടിക്കുന്ന നിങ്ങള്‍ക്ക് സിനിമാ സംഘടനയിലെ സ്ത്രീകളെ കണ്ടാല്‍ മാത്രമേ സ്ത്രീകളായി കണക്കാക്കുകയുള്ളോ, അതോ രമ സ്ത്രീ വര്‍ഗത്തില്‍പ്പെട്ട ആളല്ല എന്നാണോ നിങ്ങളുടെ നിഗമനം.നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും കാലഹരണപ്പെട്ടു കഴിഞ്ഞു. കാലത്തിന്റെ യവനികക്കുള്ളില്‍ നിങ്ങളുടെ പ്രസ്ഥാനം മറയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. അതിന്റെ സൂചനകളാണ് നിങ്ങള്‍ ഇപ്പോള്‍ ഈ കാണിച്ചു കൂട്ടുന്നത്.
മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ എന്നും പിണറായിയുടെ ആയുധമായിരുന്നു താങ്കള്‍. അതാണ് ലക്ഷ്യമെങ്കില്‍ പോലും ഈ പറഞ്ഞത് കടുത്തു പോയി.ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന നിങ്ങളോട് ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ പറയുന്നു ഇതിനുള്ള ദൈവ ശിക്ഷ നിങ്ങള്‍ക്ക് ഉണ്ടാകും. അത് ജനവിധിയിലൂടെ ആണെങ്കില്‍ അങ്ങനെ അല്ലാതാണെങ്കില്‍ അങ്ങനെ.