ന്യൂഡല്‍ഹി : പെഗാസസ് പോലുള്ള സോഫ്റ്റ്‍വെയർ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമതടസമില്ലെന്ന് കേന്ദ്രം. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ എല്ലാം വിശദീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്.
ദേശീയ സുരക്ഷയിലോ പ്രതിരോധ കാര്യങ്ങളിലോ യാതൊരു ഇടപെടലും നടത്തില്ലെന്ന് സുപ്രീം കോടതിയും നിലപാടടെുത്തു. ദേശീയ സുരക്ഷയെ കുറിച്ചോ പ്രതിരോധകാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ലെന്ന് പറഞ്ഞ കോടതി ഹർജിക്കാർ ഉന്നയിക്കുന്ന ദേശീയ സുരക്ഷയെ ബാധിക്കാത്ത ചിലചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്ന് തിരിച്ച് ചോദിച്ചു.
കേന്ദ്രത്തിന് നോട്ടീസ് അയക്കാമെന്ന് പറഞ്ഞ കോടതി കമ്മിറ്റി വേണോ മറ്റ് നടപടി വേണോ എന്ന് പിന്നീട് ആലോചിക്കാമെന്ന് നിലപാടെടുത്തു. എല്ലാ ഹർജികളും ഫയലിൽ സ്വീകരിച്ച കോടതി കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചു.