കോട്ടക്കൽ : സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പിൽ കോട്ടക്കൽ നഗരസഭയുടെ അന്വേഷണ റിപ്പോർട്ട് കൗൺസിലിൽ. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. നഗരസഭയിലെ ഏഴാം വാർഡിലെ 27 പേർ പെൻഷന് അനർഹരാണെന്ന് കണ്ടെത്തി. ഇവരുടെ പെൻഷൻ റദ്ദാക്കും. ഇതിന് മുന്നോടിയായി കത്തയക്കും. പരാതിയുണ്ടെങ്കിൽ ഹിയറിങ് നടത്തും. സർക്കാർ നിർദേശം അനുസരിച്ച് ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ ഡോ. കെ ഹനീഷ പറഞ്ഞു. ധനകാര്യ വകുപ്പ് 42 പേരുടെ പെൻഷനിലാണ് അപാകം കണ്ടെത്തിയത്. ഇതിൽ 27 പേരാണ് അനർഹരായി നഗരസഭ കണ്ടെത്തിയത്. നാലുപേർ അർഹരാണ്. ബാക്കിയുള്ളവ വിവിധ കാലങ്ങളിൽ മരണപ്പെട്ടതിനാലോ മറ്റു കാരണങ്ങളാലോ റദ്ദാക്കപ്പെട്ടവയാണ്. മകന് ആഡംബര കാറും എസി വീടും ഉള്ളയാൾ, വിമുക്തഭടന്റെ ഭാര്യ, കേന്ദ്ര–സംസ്ഥാന സർവീസ് പെൻഷൻ വാങ്ങുന്നവർ, എയ്ഡഡ് സ്കൂൾ അധ്യാപിക, റിട്ട. നഴ്സിങ് അസിസ്റ്റന്റ്, 2000 സ്ക്വയർഫീറ്റിൽ അധികം വീടുള്ളവർ, ഡോക്ടർമാരുടെ മാതാപിതാക്കൾ, സ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങിയവർ ക്ഷേമ പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 2015ൽ പെൻഷന് അപേക്ഷിക്കുമ്പോൾ അർഹതയുള്ളവരും പിന്നീട് ജീവിത നിലവാരം മെച്ചപ്പെട്ടപ്പോൾ അനർഹരായവരും ഉൾപ്പെടുന്നു. ഇത്തരം കേസുകളിൽ എന്നുതൊട്ടാണ് പണം തിരിച്ചുപിടിക്കേണ്ടത് എന്നതിൽ വ്യക്തത വരാനുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ കെ ഹനീഷ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയിലെ പെൻഷൻ, റവന്യൂ, എൻജിനിയറിങ് വിഭാഗങ്ങളാണ് രണ്ടാഴ്ചയോളം അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.