വാഷിംഗ്ടണ്‍ : ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക പെടുമെന്ന് റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേരിക്കന്‍ ശേഷിയെ ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ‘ഓപ്പറേഷന്‍ എപിക് ഫ്യൂരി’ എന്ന് പേരിട്ട ഇറാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രം, ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് മിസൈലുകളാണ് യു.എസ് സൈന്യത്തിന് ഉപയോഗിക്കേണ്ടി വന്നത്. താല്‍ക്കാലിക വെടിനിര്‍ത്തലോടെ കഴിഞ്ഞ ഏപ്രിലില്‍ യുദ്ധം അവസാനിക്കുമ്പോഴേക്കും യു.എസിന്റെ പക്കലുണ്ടായിരുന്ന മിസൈലുകളില്‍ ഏറെയും ഉപയോഗിച്ചു കഴിഞ്ഞിരുന്നു.
താഡ് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പകുതിയും യുഎസ് പ്രയോഗിച്ചുകഴിഞ്ഞു. , പേട്രിയറ്റ് എയര്‍ ഡിഫന്‍സ് മിസൈലുകളുടെ പകുതിയോളവും, ടോമാഹോക്ക് ലാന്‍ഡ് അറ്റാക്ക് മിസൈലുകളുടെ 30 ശതമാനവും അമേരിക്ക ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ പ്രതിമാസം 15 ടോമാഹോക്ക് മിസൈലുകളും 20 പേട്രിയറ്റ് മിസൈലുകളുമാണ് അമേരിക്ക പുതിയതായി നിര്‍മ്മിക്കുന്നത്. യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് ആയുധശേഖരം എത്തിക്കാന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് തിങ്ക് ടാങ്കായ സി.എസ്.ഐ.എസ് വ്യക്തമാക്കുന്നത്. മറ്റ് ചില പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, യുഎസ് ആയുധശേഖരം പഴയപടി എത്തിക്കാന്‍അഞ്ച് വര്‍ഷം വരെ സമയമെടുക്കും.





























