പത്തനംതിട്ട: ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാനൊരുങ്ങി ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളും. ആറന്മുള മണ്ഡലത്തിൽ പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ചൊവ്വാഴ്‌ച രാവിലെ 10നാണ് സ്വീകരണം. കോന്നി പുതിയ കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ പകൽ 11നും അടൂർ കെഎസ്‌ആർടിസി കോർണറിൽ പകൽ മൂന്നിനും സ്വീകരണം നൽകും. ജാഥയ്‌ക്ക് ആവേശോജ്വല സ്വീകരണം നൽകാൻ മൂന്ന് മണ്ഡലങ്ങളും കൊടിതോരണങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. കർഷകരും കർഷക തൊഴിലാളികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജാഥയെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരിക്കുന്നു.
ഇരവിപേരൂർ, കോഴഞ്ചേരി പത്തനംതിട്ട ഏരിയകളിൽൽ നിന്നുള്ള പ്രവർത്തകരും ജനങ്ങളുമാണ് പത്തനംതിട്ട നഗരത്തിലെത്തുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിവിധ മേഖലകളിലെ വ്യക്തികളുമായി കുമ്പഴ ഹിൽ പാർക്ക് ഹോട്ടലിൽ രാവിലെ 8.30ന് കൂടിക്കാഴ്ച നടത്തും. 9ന് വാർത്താസമ്മേളനം. അതിനുശേഷം ജാഥാക്യാപ്റ്റനെ അബാൻ ജങ്‌ഷനിൽനിന്നും തുറന്ന വാഹനത്തിൽ സ്വീകരിക്കും. അമ്മൻകുടം, പടയണി കോലം, ബാൻഡ് മേളം തുടങ്ങിയവയുമായി വർണാഭമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. സമ്മേളനം തുടങ്ങും മുമ്പ് സുനിൽ കർത്തവ്യത്തിന്റെ നാടൻ പാട്ട് അവതരണം നടക്കും.