കോട്ടയം : ഒരു മുന്നണിയിലേക്കും ഉടനെയില്ലെന്നും സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകുമെന്നും കേരളാ കോൺഗ്രസ് ജോസ് വിഭാഗം. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിനുശേഷം ഞങ്ങള്‍ യോഗംകൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സിപിഎം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ജോസ് കെ മാണിയുടെ പ്രതികരണം.
എല്ലാ മുന്നണികളും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കരുത്തുറ്റ അടിത്തറയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായാണ് നില്‍ക്കുക. സ്റ്റിയറിംഗ് കമ്മിറ്റി ഉടന്‍ കൂടാന്‍ സാധ്യതയുണ്ട്. അത് മുന്നണിമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല. സംഘടനാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ്. പ്രത്യേകിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജനകീയ വിഷയങ്ങളുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ വേണ്ടിയുമാണെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുളള പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലൂടെ പറഞ്ഞിരുന്നു. കൂടാതെ സിപിഎം നേതാക്കളും എൽഡിഎഫ് കൺവീനറും ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തോട് എതിർപ്പുകൾ അറിയിച്ചിട്ടുമില്ല. ജോസ് വിഭാഗം കൈക്കൊളളുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെന്ന് കോടിയേരി പിന്നീട് വ്യക്തമാക്കിയിരുന്നു.