തിരുവനന്തപുരം : തിരുവനന്തപുരം പെരിങ്ങമലയിൽ മാലിന്യസംസ്ക്കരണ പ്ലാന്റിനായി വാങ്ങിച്ച സ്ഥലത്ത് കൃഷി നടത്താമെന്ന പുതിയ നിർദ്ദേശവുമായി ഐഎംഎ. എന്നാൽ പ്ലാന്റിന് മുന്നോടിയായാണ് പുതിയ നീക്കമെന്നും കൃഷി അനുവദിക്കില്ലെന്നുമാണ് ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്. ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്.
പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസികളുടെയും ശക്തമായ സമരത്തിനൊടുവിലാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള പ്ലാന്റ് തുടങ്ങാനുള്ള നീക്കം ഐഎംഎ ഉപേക്ഷിച്ചത്. ഇതോടെ വിവാദം തൽക്കാലം കെട്ടടങ്ങി. പക്ഷെ കൊടുംകാട്ടിനുള്ളിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഏഴര ഏക്കർ സ്ഥലത്തെ ചൊല്ലി വീണ്ടും പ്രതിഷേധം പുകയുന്നു. സുഭിക്ഷകേരളം പദ്ധതിയിൽപ്പെടുത്തി കൃഷി ചെയ്യാൻ തയ്യാറാണെന്നാണ് ഐഎംഎ കൃഷി വകുപ്പിനെ അറിയിച്ചത്.
രണ്ട് പ്രശ്നങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. ഒന്ന് ലോകത്തെ ഏറ്റവുമധികം ശുദ്ധജല കണ്ടൽ ചതുപ്പുകൾ ഉള്ള പ്രദേശം ഇല്ലാതാകും. രണ്ട് കൃഷി അനുവദിച്ചാൽ അതിലൂടെ വീണ്ടും പ്ലാന്റിന്‍റെ നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കും. മാലിന്യപ്ലാന്റിനെതിരെയെന്ന പോലെ കൃഷിക്കുള്ള നീക്കത്തിനെതിരെയും കാട്ടിനുള്ളിലെ സെറ്റിൽമെന്റ് കോളിനിയിലെ ആദിവാസികൾ എതിർപ്പുയർത്തുകയാണ്. എന്നാൽ കൃഷിവകുപ്പാണ് തങ്ങളെ സമീപിച്ചതെന്നാണ് ഐഎംഎയുടെ വിശദീകരണം. അതേസമയം ഐഎംഐ കൃഷി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്ന് പെരിങ്ങമല പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.