അയിരൂര്‍ : പുതമണ്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ കീക്കോഴുര്‍ വഴി തിരിച്ചുവിട്ടതോടെ പെരൂച്ചാല്‍ പാലം അപകടത്തിലേക്ക് നീങ്ങുന്നു. പാലവും സമീപന റോഡും നാശം നേരിടുന്തോറും ഇതിന്റെ പുനരുദ്ധാരണം വൈകുകയുമാണ് . റാന്നി-കോഴഞ്ചേരി പാതയിലെ പുതമണ്‍ പാലത്തിനു തകര്‍ച്ച നേരിട്ടതോടെ വലിയ വാഹനങ്ങളെല്ലാം കീക്കൊഴൂര്‍ ജംഗ്ഷനില്‍ നിന്ന് പേരൂച്ചാല്‍ പാലം കടന്ന് ചെറുകോല്‍പ്പുഴ വഴിയാണ് കടന്നു പോകുന്നത്. വാഹന തിരക്കേറിയതോടെ പേരൂച്ചാല്‍ പാലത്തിന്റെ ഉപരിതലത്തില്‍ കോണ്‍ക്രീറ്റിനു പലയിടത്തും വിള്ളല്‍ വീഴുന്നുണ്ട്. ഇതില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകുന്നു.
പാലം തുറന്ന ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഇത് മൂലം ആണ് വിള്ളല്‍ ഉണ്ടാകുന്നത്. പാലത്തിന്റെ ഉപരിതലം ടാറിങ് നടത്താത്തതും തകര്‍ച്ചക്ക് കാരണമാകുന്നു. അടുത്തിടെ ജില്ലയില്‍ തുറന്ന മിക്ക പാലങ്ങളുടെയും ഉപരിതലമെല്ലാം ടാറിങ് നടത്തിയതാണ്. അവിടെയൊന്നും വിള്ളല്‍ പ്രശ്‌നമില്ല.
ഇത് പാലത്തിന്റെ അടിത്തട്ടിലേക്ക് എത്തിയാല്‍ കൂടുതല്‍ പ്രശ്‌നമാകും. റാന്നി-കോഴഞ്ചേരി പാതയില്‍ നിന്ന് പേരൂച്ചാല്‍ പാലത്തിലേക്കു തിരിയുന്ന ഭാഗത്ത് ടാറിങ് പലയിടത്തും പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. കമ്പിയും മെറ്റലുകള്‍ തെളിഞ്ഞു കാണുന്ന തരത്തിലാണ് ഈ ഭാഗം. അറ്റകുറ്റപ്പണികളും ഉപരിതല ടാറിങ്ങും നടത്തിയില്ലെങ്കില്‍ പുതമണ്‍ പാലത്തിന്റെ ഗതി ആകും ഇവിടെയും ഉണ്ടാവുക. കാട്ടൂര്‍ വഴി ഗതാഗതം തടഞ്ഞപ്പോള്‍ പെരൂച്ചാല്‍ വഴി കടത്തി വിട്ടു. ഇനി പെരൂച്ചാലിന് അപകടം ഉണ്ടായാല്‍ എന്താകും സ്‌ഥിതി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.