റാന്നി : പെരുനാട്ടിൽ വൻ കോടശേഖരം പിടികൂടി. ലോക് ഡൗൺ കാലത്ത് വിപണനത്തിനായി ചാരായം ഉത്പാദിപ്പിക്കുവാൻ കരുതിയിരുന്നു വൻ കോടശേഖരമാണ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്.
പെരുനാട് എ.വി.ടി എസ്റ്റേറ്റിലെ നോർത്ത് ഡിവിഷനിൽ കക്കാട്ടാറിന്റെ തീരത്ത് ആറ്റുപുറമ്പോക്കിൽ വലിയ ടാങ്കുകളിലും കന്നാസുകളിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു കോട. അറുനൂറിലധികം ലിറ്റർ കോടയാണ് കണ്ടെത്തിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ തെരച്ചിൽ നടത്തി കോട കണ്ടെടുത്ത് കേസാക്കിയത്. പ്രതികളെപ്പറ്റി അന്വേഷണം നടത്തിവരുന്നതായി സി.ഐ.അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അലക്‌സാണ്ടർ. പി.ജേക്കബ് , കെ. രഘുകുമാർ , സിവിൽ എക്സൈസ് ഓഫീസർ വി. ശിഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.