കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തില് പീറ്റേഴ്സ് ഫെസ്റ്റ് – 2026 എന്.ഇ.സി.കെ. ചർച്ച് ആന്റ് പാരിഷ് ഹാളിൽ നടന്നു. വികാരി റവ.ബിനു ജേക്കബ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പീറ്റേഴ്സ് ഫെസ്റ്റ് ജനറൽ കൺവീനർ ജോർജ് വർഗീസ് സ്വാഗതമാശംസിച്ചു. കുവൈത്ത് സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലെ റവ.കാനൻ ഡോ.മൈക്കൽ എംബോണ മുഖ്യാതിഥിയായി പങ്കെടുത്തു. ദൈവത്തിന് നൽകുന്നതിന്റെ പ്രാധാന്യവും ദൈവത്തിന് അർപ്പിക്കാവുന്ന ഏറ്റവും വിലപ്പെട്ട നിക്ഷേപവും നമ്മുടെ ഹൃദയമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവവുമായുള്ള ആഴമായ ബന്ധമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗമെന്നും ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും ഹൃദയങ്ങളെ പൂർണമായി ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഈ ഹാർവെസ്റ്റ് ഫെസ്റ്റിവൽ യഥാർഥത്തിൽ ഹൃദയങ്ങളുടെ വിളവെടുപ്പായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവക വികാരിമാര്, എന്.ഇ.സി.കെ., കെ.ടി.എം.സി.സി. പ്രതിനിധികൾ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു. കേരളീയ തനിമയാർന്ന ഭക്ഷണങ്ങളുടെ സ്റ്റാളുകൾ, ഗെയിം സോൺ, ബിങ്കോ, അമേരിക്കൻ ഓക്ഷൻ തുടങ്ങിയവയും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. പ്രശസ്ത ഗായകരായ ലിബിൻ സ്കറിയ, അംബിക രാജേഷ് എന്നിവര് അവതരിപ്പിച്ച ക്രിസ്ത്യൻ സംഗീതസന്ധ്യയും നടന്നു. ഘോഷയാത്രയും ഇടവകയിലെ കുട്ടികളും മുതിർന്നവരും സൺഡേ സ്കൂൾ, യുവജനസംഘം, സേവികാസംഘം, ഇടവക മിഷൻ തുടങ്ങിയ സംഘടനകള് പരിപാടികള്ക്ക് നേതൃത്വം നല്കി.




























